തിരുവനന്തപുരം: പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഇരുപതുവയസുകാരിയായ ജെസ്‌ന മറിയ ജെയിംസിനെ കാണാതായതുമായി ബന്ധപ്പെട്ട് വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണത്തിന് ഐജി മനോജ് എബ്രഹാമിന്‍റെ മേല്‍നോട്ടത്തില്‍ പതിനഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജെസ്‌നയെ കണ്ടെത്തുന്നതിലേയ്ക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ പാരിതോഷികവും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി റ്റി.നാരായണന്‍ ഓപ്പറേഷണല്‍ ഹെഡ് ആയും തിരുവല്ല ഡിവൈ എസ്‌പി ആര്‍.ചന്ദ്രശേഖരപിള്ള ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറായുമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുളളത്.
കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജെസ്‌നയെ 2018 മാര്‍ച്ച് 21 മുതല്‍ വെച്ചൂച്ചിറയിലെ വീട്ടില്‍ നിന്നും കാണാതായതായി ലഭിച്ച പരാതിയെത്തുടര്‍ന്ന് വെച്ചൂച്ചിറ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. ഇതുസംബന്ധിച്ച് വെച്ചൂച്ചിറ എസ്ഐ യുടേയും തുടര്‍ന്ന് പെരുനാട് സിഐയുടേയും നേതൃത്വത്തിലാണ് തുടക്കത്തിൽ അന്വേഷണം നടത്തിയത്.
കേരളത്തിന് അകത്തും പുറത്തും പത്ര പരസ്യം ഉള്‍പ്പെടെ നല്‍കിയിരുന്നു. തുടര്‍ന്ന് 2018 മെയ് മൂന്നിന് തിരുവല്ല ഡിവൈ എസ്‌പി അന്വേഷണ ഉദ്യോഗസ്ഥനായി സൈബര്‍ വിദഗ്ധരേയും വനിതാ ഇൻസ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് ഇൻസ്‌പെക്ടര്‍മാരേയും ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം പത്തനംതിട്ട എസ്‌പി രൂപവത്കരിക്കുകയും ജെസ്‌നയെ കണ്ടെത്തുന്നതിലേയ്ക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണസംഘമാണ് ഇപ്പോൾ വിപുലീകരിച്ചത്.
ഉദ്ദേശം അഞ്ചരയടി ഉയരവും വെളുത്തു മെലിഞ്ഞ ശരീരപ്രകൃതവുമുള്ള, കണ്ണട ധരിച്ചതും പല്ലില്‍ കമ്പി കെട്ടിയിട്ടുള്ളതും ചുരുണ്ട തലമുടിയുള്ളതുമായ ജെസ്‌ന കാണാതാകുന്ന സമയത്ത് കടുംപച്ച ടോപ്പും കറുത്ത ജീന്‍സുമാണ് ധരിച്ചിരുന്നത്.
ജെസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, തിരുവല്ല, പത്തനംതിട്ട, കേരളം എന്ന വിലാസത്തിലോ 9497990035 എന്ന ഫോണ്‍ നമ്പരിലോ dysptvllapta.pol@kerala.gov.in എന്ന ഇ-മെയിലിലോ നല്‍കണമെന്ന് പത്തനംതിട്ട എസ്‌പി അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ നല്‍കുന്നയാളുടെ പേരും മറ്റ് വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.