scorecardresearch
Latest News

ചെങ്ങന്നൂരില്‍ അയ്യപ്പഭക്തർക്കായി അത്യാധുനിക ഇടത്താവളം

10 കോടി രൂപ ചെലവിട്ട് അത്യാധുനികസൗകര്യങ്ങളോടെയുള്ള ഇടത്താവളസമുച്ചയം നിര്‍മ്മിക്കാന്‍ ദേവസ്വം ബോര്‍ഡും ബിപിസിഎല്ലും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു

ചെങ്ങന്നൂരില്‍ അയ്യപ്പഭക്തർക്കായി അത്യാധുനിക ഇടത്താവളം

തിരുവനന്തപുരം: ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ 10 കോടി രൂപ ചെലവിട്ട് അത്യാധുനികസൗകര്യങ്ങളോടെയുള്ള ഇടത്താവളസമുച്ചയം നിര്‍മ്മിക്കാന്‍ ദേവസ്വം ബോര്‍ഡും ബിപിസിഎല്ലും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. ക്ഷേത്ര നിര്‍മ്മിതിയുടെ രൂപകല്‍പ്പനയ്ക്ക് അനുയോജ്യമായ തരത്തിലുള്ള കെട്ടിട സമുച്ചയമാണ് ഇതിനായി ഒരുക്കുക. 3 നിലകളുള്ള ഇടത്താവള സമുച്ചയമാണ് ചെങ്ങന്നൂരില്‍ നിര്‍മ്മിക്കുന്നത്.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമസ്ഥലം, ആധുനിക രീതിയിലുള്ള വൃത്തിയുള്ള പ്രാഥമികാവശ്യ സൗകര്യങ്ങള്‍,നവീന ഭക്ഷണശാലകള്‍. അന്നദാനം ഒരുക്കാനും നല്‍കാനുമുള്ള സൗകര്യങ്ങള്‍, പരമാവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യങ്ങള്‍,പെട്രോള്‍-ഡീസല്‍ പമ്പുകള്‍,എടിഎം, ഡോര്‍മെട്രികള്‍ തുടങ്ങിയവ പുതിയ ഇടത്താവളത്തിൽ ഉണ്ടാകും.

500 പേര്‍ക്ക് ഒരേ സമയം അന്നദാനം നല്‍കുന്നതിനും, 600 പേര്‍ക്ക് ഒരേ സമയം വിരി വെച്ച് വിശ്രമിക്കുന്നതിനും ഇടത്താവള സമുച്ചയത്തില്‍ സൗകര്യമുണ്ടാകും. ശബരിമല തീര്‍ത്ഥാടകര്‍ ധാരാളമായെത്തുന്ന ചെങ്ങന്നൂരില്‍ ഇടത്താവള സമുച്ചയം നിര്‍മ്മിക്കണമെന്ന് അന്തരിച്ച എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇടത്താവള സമുച്ചയ നിര്‍മ്മാണചെലവ് പൂര്‍ണമായും വഹിക്കുന്നത് പൊതുമേഖലാ സ്ഥാപനമാണെങ്കിലും, നിര്‍മ്മാണം പൂര്‍ത്തിയാകുന്ന കെട്ടിട സമുച്ചയം തുടര്‍ന്ന് ചെങ്ങന്നൂര്‍ മഹാദേവര്‍ ദേവസ്വം അധീനതയിലായിരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ പരിപാലനവും വരുമാനവും ദേവസ്വത്തിന് അവകാശപ്പെട്ടതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: New sabarimala mid way shelter in chengganur