തിരുവനന്തപുരം: എൽ ഡി എഫ് തുടർഭരണത്തിന്റെ തുടക്കത്തിൽ കാര്യങ്ങൾ എളുപ്പമാക്കിയത് വിട്ടുവീഴ്ച ചെയ്തുള്ള സിപിഎമ്മിന്റെ നിലപാട്. വൻ വിജയം നേടി അധികാരത്തിലെത്തിയ എൽഡി എഫിൽ എല്ലാ ഘടകകക്ഷികൾക്കും മന്ത്രിസ്ഥാനം നൽകുകയെന്നത് കീറാമുട്ടിയാകുമെന്നാണ് പ്രധാന പാർട്ടികളായ സിപിഎമ്മിലെയും സിപിഐയിലെയും നേതാക്കളിൽ പലർക്കുമുണ്ടായ ആശങ്ക.
എന്നാൽ, സിപിഎം മുന്നോട്ടുവച്ച വിട്ടുവീഴ്ചാ മനോഭാവം പ്രശ്നങ്ങളെ ലളിതമാക്കി. കല്ലുകടിയില്ലാതെ ഭരണം തുടങ്ങണമെന്നും മുന്നണിക്കുള്ളിൽ ജനാധിപത്യപരമായി കാര്യങ്ങളെ കാണണമെന്നുമുള്ള നിലപാടാണ് സിപിഎമ്മിനെ ഇതിനു പ്രേരിപ്പിച്ചത്. അതുകൊണ്ട് തന്നെ കഴിയാവുന്നത്ര കക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകാനും അവർ മുൻകൈ എടുത്തു. ഇത് മുന്നണിയിലേക്കു വരുന്നവർക്കുള്ള പച്ചവെളിച്ചം കൂടിയാണ്.
തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഒരു മന്ത്രിസ്ഥാനവും പ്രധാനപ്പെട്ട ഒരു വകുപ്പ് സിപിഎം ഘടകകക്ഷികൾക്കായി വിട്ടുനൽകി. സിപിഐ ഒരു വകുപ്പും ചീഫ് വിപ്പ് സ്ഥാനവും വിട്ടു നൽകിയെങ്കിലും നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും നിലനിർത്തി. എൽഡിഎഫ് കാലത്തെല്ലാം സിപിഎമ്മിനായിരുന്ന വൈദ്യുതി വകുപ്പാണ് ഇത്തവണ ജനതാദളിനു നൽകിയത്. സിപിഐ വിട്ടുനൽകിയത് വനവും. വൈദ്യുതി വകുപ്പിലെ എല്ലാ മേഖലകളിലും സിഐടിയുവിന് ശക്തമായ യൂണിയനുണ്ട്. എന്നിട്ടും ആ വകുപ്പ് സിപിഎം വിട്ടുനൽകിയത് പാർട്ടിയിലെ പലരിലും അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട്. കൈവശമുള്ള ചെറിയ വകുപ്പുകൾ ഏതെങ്കിലുമായിരിക്കും സിപിഎം കൈമാറുക എന്ന ധാരണയെ അട്ടിമറിച്ചതാണ് വൈദ്യുതി വകുപ്പ് വിട്ടുനൽകാനുള്ള തീരുമാനം.
ശിവദാസ മേനോൻ, പിണറായി വിജയൻ, എസ് ശർമ, എകെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, എംഎം മണി എന്നിവർ ഈ വകുപ്പ് ഭരിച്ച സിപിഎം മന്ത്രിമാരാണ്. അതിനാൽ സിപിഎം എത്ര പ്രാധാന്യത്തോടെയാണ് ഈ വകുപ്പിനെ കാണുന്നതെന്നത് വ്യക്തമാണ്. സിപിഎമ്മിനെ സംബന്ധിച്ച് ആ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടതും വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ടാണ്. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെതിരെ അഴിമതി ആരോപണം ഉയർന്ന എസ്എൻസി ലാവ്ലിൻ കേസ് ഉണ്ടായത് വൈദ്യുതി വകുപ്പമായി ബന്ധപ്പെട്ടാണ്. എന്നിട്ടും ആ വകുപ്പ് വിട്ട് നൽകാൻ സിപിഎം നേരത്തെ തയാറായിരുന്നില്ല.
സിപിഐ നേരത്തെ കൈവശം വച്ചിരുന്ന വനം വകുപ്പ് എൻസിപിക്കായിരിക്കും നൽകുക. അതേസമയം, റവന്യൂ, ഭക്ഷ്യം, കൃഷി എന്നിങ്ങനെ പ്രധാന മൂന്ന് വകുപ്പുകളും സിപിഐ നിലനിർത്തി.
എൻ സി പിയുടെ കൈവശമുള്ള ഗതാഗതം ജനാധിപത്യ കേരളകോൺഗ്രസ് ആദ്യ ടേമിലും കേരളാകോൺഗ്രസ് (ബി) രണ്ടാം ടേമിലുമായി ഭരിക്കുമെന്നാണ് ധാരണ. എൻസിപിയുടെ കൈവശമുണ്ടായിരുന്ന കെഎസ്ആർടിസിക്ക് പ്രത്യേകിച്ച് മുന്നോട്ടു പോക്ക് സാധ്യമായില്ല കഴിഞ്ഞ അഞ്ച് വർഷം. അതിന് പുറമെ കോവിഡും ലോക്ക് ഡൗണും വന്നതോടെ കെഎസ്ആർടിസി കൂടുതൽ പ്രതിസന്ധിയിലായി.
Also Read: ഒന്നാമൂഴക്കാരാല്‍ സമ്പന്നം പിണറായിയുടെ രണ്ടാമൂഴം
കേരളത്തിൽ ഗതാഗതവകുപ്പ് നേരത്തെ തന്നെ കേരളാ കോൺഗ്രസ് (ബി)ക്ക് ലഭിച്ചിട്ടുണ്ട്. ആർ ബാലകൃഷ്ണപിള്ളയും മകൻ കെ.ബി ഗണേശ് കുമാറും ഈ വകുപ്പ് ഭരിച്ചിട്ടുമുണ്ട്. അതാണ് ഈ വകുപ്പ് എൻസിപിയിൽനിന്നു മാറ്റി രണ്ട് കേരളാ കോൺഗ്രസുകൾക്കായി നൽകാൻ തീരുമാനിച്ചതിനു പിന്നിലെ കാര്യം. വനം വകുപ്പ് കേരളാ കോൺഗ്രസ് (ബി) ബന്ധപ്പെട്ട കെ ബി ഗണേശ് കുമാർ നേരത്തെ ഭരിച്ചിട്ടുണ്ട്. എന്നാൽ. നടൻ മോഹൻ ലാലുമായി ബന്ധപ്പെട്ടുള്ള ആനക്കൊമ്പ് കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ വനം വകുപ്പ് തെറ്റിദ്ധാരണയ്ക്ക് വഴിയൊരുക്കാനും പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ട സാഹചര്യത്തിലാണ് കേരളാ കോൺഗ്രസുകൾക്ക് ഗതാഗതവകുപ്പ് നൽകാൻ തീരുമാനിച്ചത്.
ഐഎൻഎല്ലിന് ന്യൂനപക്ഷക്ഷേമം, പ്രവാസി കാര്യം തുടങ്ങിയ വകുപ്പുകൾ നൽകുമെന്ന പ്രതീക്ഷ തെറ്റിയതിനും കാരണങ്ങളിലൊന്ന് മന്ത്രിസ്ഥാനം പങ്കുവയ്ക്കേണ്ടി വരുന്ന സാഹചര്യമാണ്. ഐഎൻ എല്ലും കോൺഗ്രസ് എസ്സുമാണ് മന്ത്രിസ്ഥാനം പങ്കുവയ്ക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് കഴിഞ്ഞ തവണ കോൺഗ്രസ് എസിന് നൽകിയിരുന്ന മ്യൂസിയം, തുറമുഖം, പുരാവസ്തുവകുപ്പുകൾ ഇത്തവണയും നൽകുന്നത്. അത് ആദ്യഘട്ടമായി ഐഎൻഎല്ലിന് ലഭിക്കും.
ജനതാദളിന്റെ കൈവശം ഉണ്ടായിരുന്ന ജലവിഭവം ഇനി കേരളാ കോൺഗ്രസ് (എം) ഭരിക്കും. കേരളാ കോൺഗ്രസ് മുന്നോട്ടു വച്ച വകുപ്പുകളിൽ നിന്ന് ജലസേചനമാണ് അവർക്ക് നൽകിയത്.
സിപിഎമ്മിനും സിപിഐയും മാത്രം കൂടിയാൽ തന്നെ കേവല ഭൂരിപക്ഷത്തേക്കാൾ കൂടുതലുണ്ടെങ്കിലും കഴിയുന്നത്ര എല്ലാ കക്ഷികളെയും ഉൾക്കൊള്ളണമെന്ന നിലപാടാണ് സിപിഎം ആദ്യം മുതലെ സ്വീകരിച്ചത്. എൽജെഡിയും ജനതാദളും തമ്മിൽ ലയിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടതും ആ പ്രതിസന്ധി പരിഹരിക്കാനായിരുന്നു. എന്നാൽ, അത് നടക്കാത്തിനാൽ എൽജെ ഡിക്ക് മന്ത്രിസ്ഥാനം നൽകാൻ സാധ്യമാകാതെ വന്നു. പിന്നെ എൽഡിഎഫ് അംഗത്വമില്ലാത്ത കോവൂർ കുഞ്ഞുമോൻ, പിടിഎ റഹീം എന്നീ ഒറ്റകക്ഷിക്കാർക്കുമാണ് മന്ത്രിസ്ഥാനം ലഭിക്കാതെ പോയത്.
സിപിഎം മന്ത്രിമാരുടെ കാര്യത്തിൽ കെകെ ശൈലജയുടെ പിൻഗാമിയായി വീണ ജോർജ് ആരോഗ്യമന്ത്രിയാകും. കെ.എന്‍.ബാലഗോപാലാണ് ധനമന്ത്രി. പി.രാജീവ് വ്യവസായ വകുപ്പും ആര്. ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്യും എന്ന് ധാരണ ആയിട്ടുണ്ട്.
Also Read: ഒറ്റ മന്ത്രിമാർ ഇവർ; മാണിയുടെ പിൻഗാമി റോഷി, രണ്ടാമൂഴവുമായി കൃഷ്ണൻകുട്ടി
മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നതിൽ എൽഡിഎഫ് കാണിച്ച സൂക്ഷ്മത വകുപ്പ് വിഭജനത്തിലും തുടർന്നുവെന്നാണ് വ്യക്തമാകുന്നത്. കെ.രാധാകൃഷ്ണനും ദേവസ്വം വകുപ്പ് നൽകിയതാണ് ഇത്തവണത്തെ ഏറ്റവും പ്രധാന രാഷ്ട്രീയ നീക്കം. പട്ടികജാതി-വർഗ പിന്നാക്ക ക്ഷേമം, പാർലമെന്ററികാര്യം എന്നീ വകുപ്പുകളും രാധാകൃഷ്ണനു ലഭിക്കും. കഴിഞ്ഞതവണ രണ്ടു സിപിഎം മന്ത്രിമാർ കൈകാര്യം ചെയ്തിരുന്ന പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ ഒന്നിച്ച് മുഹമ്മദ് റിയാസിനു നൽകിയതും ശ്രദ്ധേയമായി.
മുതിർന്ന നേതാവ് എംവി ഗോവിന്ദന് തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പുകളാണ് ലഭിക്കുക.. പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, മെട്രോ എന്നീ വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുക. മന്ത്രിമാരുടെ പട്ടിക നാളെ ഗവർണർക്കു കൈമാറും.
മന്ത്രിമാരും വകുപ്പുകളും: സാധ്യത ഇങ്ങനെ
- പിണറായി വിജയൻ- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, മെട്രോ
- കെ.എന്‍.ബാലഗോപാല്‍- ധനകാര്യം
- വീണ ജോര്‍ജ്- ആരോഗ്യം
- പി.രാജീവ്- വ്യവസായം, നിയമം
- കെ.രാധാകൃഷണന്- ദേവസ്വം, പാർലമെന്ററികാര്യം, പിന്നാക്ക ക്ഷേമം
- ആര്.ബിന്ദു- ഉന്നത വിദ്യാഭ്യാസം
- വി.ശിവന്‍കുട്ടി – പൊതുവിദ്യാഭ്യാസം, തൊഴിൽ
- എം.വി.ഗോവിന്ദന്- തദ്ദേശ സ്വയംഭരണം, എക്സൈസ്
- പി.എ.മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
- വി.എന്‍. വാസവന്- സഹകരണം, രജിസ്ട്രേഷൻ
- സജി ചെറിയാന്- ഫിഷറീസ്, സാംസ്കാരികം, സിനിമ
- വി.അബ്ദുറഹ്മാന്- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
- കെ.രാജന്- റവന്യു
- പി.പ്രസാദ്- കൃഷി
- ജി.ആര്. അനില്‍- സിവില്‍ സപ്ലൈസ്
- ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
- റോഷി അഗസ്റ്റിൻ-ജലവിഭവം
- കെ.കൃഷ്ണന്‍കുട്ടി- വൈദ്യുതി
- എ.കെ.ശശീന്ദ്രൻ- വനം
- ആന്റണി രാജു- ഗതാഗതം
- അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം, മ്യൂസിയം.
ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തിൽ ധാരണയായത്. മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണി യോഗം ചുമതലപ്പെടുത്തിയിരുന്നത്.
മന്ത്രിസഭയിൽ അവസരം ലഭിക്കാതിരുന്ന കെ.കെ.ശൈലജ പാര്‍ട്ടി വിപ്പായി ചുമതലയേല്‍ക്കും. സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി.രാജേഷിനേയും പാർലമെന്ററി പാർട്ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനെയും സിപിഎം തീരുമാനിച്ചു. സിപിഐയിലെ ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥി. മുൻ മന്ത്രി ഇ.ചന്ദ്രശേഖരനാണ് സിപിഐയുടെ നിയമസഭാകക്ഷി നേതാവ്. കേരള കോൺഗ്രസ് എമ്മിലെ ഡോ. എൻ ജയരാജ് ചീഫ് വിപ്പാകും.
നാളെ വൈകിട്ട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. 500 പേരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുപ്പിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ചടങ്ങിൽ വെർച്വലായി പങ്കെടുക്കാനാണ് യുഡിഎഫിന്റെ തീരുമാനം.