പിണറായിയുടേത് രണ്ടാമൂഴമാണെങ്കിലും മന്ത്രിസഭയില്‍ കൂടുതല്‍ ഒന്നാമൂഴക്കാരണ്. ആകെ 21 മന്ത്രിമാരില്‍ 17 പേരും ആദ്യമായി മന്ത്രിമാരാകുന്നതാണ്. ഈ കൂട്ടത്തില്‍ ഇതിനു മുമ്പ് പൂര്‍ണകാലയളവില്‍ മന്ത്രിസ്ഥാനം വഹിച്ചത് സിപിഎമ്മില്‍ മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ കെ. രാധാകൃഷ്ണന്‍ മാത്രമാണ്. ജനതാദളിലെ കെ. കൃഷ്ണന്‍ കുട്ടിയും എന്‍ സി പിയിലെ എകെ ശശീന്ദ്രനുമാണ് മന്ത്രിയായിരുന്നിട്ടുള്ള മറ്റുള്ളവര്‍.
നാലാം തവണ നിയമസഭയിലെത്തുന്ന കെ. രാധാകൃഷ്ണന് രണ്ടാം തവണയാണ് മന്ത്രിസ്ഥാനം ലഭിക്കുന്നത്. ആദ്യ വിജയത്തില്‍ തന്നെ മന്ത്രിയായി ചുമതല നിര്‍വഹിച്ചയാളാണ് രാധാകൃഷ്ണന്‍. 1996 ല്‍ ചേലക്കരയില്‍ നിന്നു ആദ്യതവണ നിയമസഭയിലെത്തിയ രാധാകൃഷ്ണന്‍ അന്നത്തെ നായനാര്‍ മന്ത്രിസഭയില്‍ യുവജനക്ഷേമകാര്യം പട്ടികജാതി,പട്ടികവര്‍ഗക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയായി. 2001ല്‍ പ്രതിപക്ഷ ചീഫ് വിപ്പായി നിയോഗിക്കപ്പെട്ടു. 2006 ല്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ നിയമസഭാ സ്പീക്കറായി. തുടര്‍ച്ചയായി മൂന്നു തവണ മത്സരിച്ച ശേഷം സംഘടനാ രംഗത്തേക്കു മാറി. സി പി എം കേന്ദ്രകമ്മിറ്റിയംഗമായ രാധാകൃഷണന്‍ പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു നിമയസഭയിലെത്തുന്നത്. 1991ല്‍ ജില്ലാകൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വള്ളത്തോള്‍ ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എം.വി.ഗോവിന്ദന്‍ മൂന്നാം വട്ടമാണ് നിയമസഭയില്‍ എത്തുന്നത്. 1996ലും 2001ലുമാണ് അദ്ദേഹം ഇതിനു മുന്‍പ് സഭയിലെത്തിയത്. കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റാണ്. കെഎസ്‌വൈഎഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, സിപിഎം കണ്ണൂര്‍, എറണാകുളം ജില്ലാ കമ്മിറ്റികളുടെ സെക്രട്ടറി, സംസ്ഥാന സമിതി അംഗം, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ പി.കെ.ശ്യാമളസിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും ആന്തൂർ നഗരസഭ മുൻ അധ്യക്ഷയുമാണ്.
രണ്ട് വലിയ നേതാക്കളെ തോല്‍പ്പിച്ച് ജയിച്ച മന്ത്രിസ്ഥാനത്തേക്കു വരുന്ന എം എല്‍ എ യാണ് വി. ശിവന്‍കുട്ടി. കേരളത്തിലെ മാത്രമല്ല ഇന്ത്യയുടെ തന്നെ ശ്രദ്ധാകേന്ദ്രമായ തിരഞ്ഞെടുപ്പായിരുന്നു നേമം മണ്ഡലത്തിലേത്. ബി ജെ പിയുടെ കേരളത്തിലെ ഏക സിറ്റിങ് സീറ്റായിരുന്ന നേമം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് കെ. മുരളീധരന്‍ എം പിയെ. ബി ജെ പി സീറ്റ് നിലനിര്‍ത്താന്‍ രംഗത്തിറക്കിയത് ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥിയായി നേമം മണ്ഡലത്തിന്റെ ഭാഗമായ പഴയ തിരുവനന്തപുരം ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ 1987ല്‍ രണ്ടാം സ്ഥാനത്ത് എത്തിയ ബി ജെ പി മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരനെയും. ഇരുവരെയും തോല്‍പ്പിച്ച് മൂന്നാം തവണ ജയിച്ചാണ് ശിവന്‍കുട്ടി എം എല്‍ എ ആയത്. ബി ജെപിയുടെ അക്കൗണ്ട് പൂട്ടും എന്ന മുഖ്യമന്ത്രി പിണറായിവിജയന്‍ നടത്തിയ പ്രഖ്യാപനം നടപ്പാക്കിയെത്തിയ ശിവന്‍കുട്ടിക്ക് അതുകൊണ്ട് തന്നെ മന്ത്രിസ്ഥാനം അപ്രതീക്ഷിതമല്ല.
Also Read: ഒറ്റ മന്ത്രിമാർ ഇവർ; മാണിയുടെ പിൻഗാമി റോഷി, രണ്ടാമൂഴവുമായി കൃഷ്ണൻകുട്ടി
ഒരു പക്ഷേ, മന്ത്രിയാകുന്ന ആദ്യത്തെ മാധ്യമ പ്രവര്‍ത്തകയാകും വീണാജോര്‍ജ്. മാത്രമല്ല, സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി വിദ്യാര്‍ത്ഥി യുവജന നേതൃത്വങ്ങളിലൊന്നുമില്ലാതെ കടന്നുവന്ന് മന്ത്രിസ്ഥാനത്തേക്ക് എത്തുന്ന ആദ്യ വനിതയും വീണാ ജോര്‍ജായിരിക്കും. രണ്ട് തവണ തുടര്‍ച്ചയായി ആറന്മുളയില്‍ നിന്നും ജയിച്ചെത്തുന്ന എം എല്‍ എയാണ് വീണാ ജോര്‍ജ്. പത്തനംതിട്ട കുമ്പഴ വടക്ക് സ്വദേശിനിയായ വീണ കാതോലിക്കേറ്റ് കോള് മുൻ അധ്യാപിക കൂടിയാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
മലപ്പുറത്ത് കോണ്‍ഗ്രസ് വിട്ട് വന്ന് സി പി എം സ്വതന്ത്രനായി മത്സരിച്ച് ജയിക്കുകയും മന്ത്രിയാകുകയും ചെയ്യുന്ന രണ്ടാമനാകും വി. അബ്ദുറഹിമാന്‍. നേരത്തെ ടി കെ ഹംസയാണ് കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലെത്തി മന്ത്രിയും ചീഫ് വിപ്പും എം പിയുമൊക്കെയായത്. തിരൂർ നഗരസഭാ വൈസ് ചെയർമാനായിരുന്ന അബ്ദുറഹ്മാൻ കോൺഗ്രസ് രാഷ്ടീയം ഉപേക്ഷിച്ച് 2014ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രനായി പൊന്നാനിയിൽ നിന്ന് മത്സരിച്ചിരുന്നു. നേരിയ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.തുടർന്ന് 2016ൽ താനൂരിൽനിന്ന് നിയമസഭയിലേക്കു വിജയിച്ചു. നേരത്തെ കെഎസ് യു താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് തിരൂർ ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, കെപിസി സി അംഗം എന്നീ പദവികൾ വഹിച്ചിരുന്നു.
വീണാ ജോര്‍ജ്, വി. അബ്ദുറഹിമാന്‍, സജി ചെറിയാന്‍ എന്നിവര്‍ തുടര്‍ച്ചയായ രണ്ടാം വട്ടമാണ് എംഎല്‍എയാകുന്നത്. വീണാ ജോര്‍ജും വി. അബ്ദുറഹിമാനും ആദ്യ പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ എംഎല്‍എമായിരുന്നെങ്കില്‍ സജി ചെറിയാന്‍ 2018ലെ ഉപതിരഞ്ഞെടുപ്പിലാണ് നിയമസഭയിലെത്തുന്നത്. നേരത്തെ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി, സിഐടിയു ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.
വി.എന്‍.വാസവന്‍ ഇത് രണ്ടാം വട്ടമാണ് എംഎല്‍എയാകുന്നത്. 2006ല്‍ കോട്ടയത്തുനിന്നായിരുന്നു ആദ്യ വിജയം. ഇത്തവണ ഏറ്റുമാനൂരില്‍നിന്നാണ് നിയമസഭയിലെത്തുന്നത്. സിപിഎം സംസ്ഥാന സമിതി അംഗവും സിഐടിയു ദേശീയ ജനറൽ കൗൺസിൽ അംഗവുമാണ്. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി, സിഐടിയു ജില്ലാ സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി, റബ്‌കോ ചെയര്‍മാന്‍, കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു.
സിപിഎം മന്ത്രിമാരില്‍ നാലു പേര്‍ കന്നി എംഎല്‍എമാരാണ്. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ പിഎ മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ പി രാജീവ്, കെഎന്‍ ബാലഗോപാല്‍ എന്നിവര്‍ ആദ്യമായാണു നിയസമഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ജയിക്കുന്നതും.
Also Read: സിപി ഐയുടെ ചരിത്രം തിരുത്തി ചിഞ്ചുറാണി മന്ത്രി; രാജൻ, പ്രസാദ്, അനിൽ എന്നിവരും മന്ത്രിമാരാകും
ഈ നാലുപേരില്‍ മുഹമ്മദ് റിയാസിനു മാത്രമാണു പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയമില്ലാത്തത്. പി രാജീവും കെഎന്‍ ബാലഗോപാലും മുന്‍പ് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജ്യസഭാ അംഗങ്ങളെന്ന നിലയില്‍ തിളങ്ങിയ വ്യക്തികളാണ് പി രാജീവും കെഎന്‍ ബാലഗോപാലും.
സിപിഎം രാജ്യസഭ കക്ഷി ഉപനേതാവായിരുന്ന ബാലഗോപാൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകളുടെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ എൻ.കെ.പ്രേമചന്ദ്രനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി രാജീവ് ദേശാഭിമാനി ചീഫ് എഡിറ്ററാണ്.സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. 2009ലും 2015ലും രാജ്യസഭാംഗമായി. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘന്റെ ഭാര്യയായ ഡോ. ആര്‍ ബിന്ദു മുന്‍പ് തൃശൂര്‍ കോര്‍പറേഷന്റെ പ്രഥമ വനിതാ മേയറായിരുന്നു. തൃശൂര്‍ കേരളവര്‍മ കോളജ് മുൻ അധ്യാപികയായ ബിന്ദു ഹ്രസ്വകാലം പ്രിന്‍സിപ്പൽ പദവിയും വഹിച്ചിട്ടുണ്ട്. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, എകെപിസിടിഎ സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഭര്‍ത്താവ് കൂടിയായ മുഹമ്മദ് റിയാസ് ഇത് രണ്ടാം തവണയാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ മത്സരത്തിനിറങ്ങിയത്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ ആദ്യ അങ്കത്തിനിറങ്ങിയ റിയാസിനു കുറഞ്ഞ വോട്ടുകള്‍ക്കു പരാജയം നേരിടേണ്ടി വന്നു. കോണ്‍ഗ്രസിലെ എം.കെ. രാഘവനോട് 838 വോട്ടിനായിരുന്നു തോല്‍വി. ഇത്തവണ ബേപ്പൂര്‍ മണ്ഡലത്തില്‍നിന്ന് 28,747 വോട്ടിന്റ ഭൂരിപക്ഷത്തിനാണ് റിയാസ് നിയമസഭയിലെത്തുന്നത്.
സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് എസ്എഫ്‌ഐയിലൂടെയാണ് മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കം. യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ഭാരവാഹി, എസ്എഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. 2017 മുതല്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാണ്.
നിയമബിരുദധാരിയായ മുഹമ്മദ് റിയാസ് റിട്ട. പൊലീസ് കമ്മിഷണര്‍ പിഎം അബ്ദുള്‍ ഖാദറിന്റെയും ആയിഷാബിയുടെയും മകനാണ്. കോഴിക്കോട് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, ഫാറൂഖ് കോളജ്, കോഴിക്കോട് ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിയിരുന്നു വിദ്യാഭ്യാസം.
സിപിഐയില കെ രാജന്‍, പി പ്രസാദ്, അഡ്വ ജി ആര്‍ അനില്‍, ജെ ചിഞ്ചുറാണി, കേരള കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിൻ, ഐഎൻഎല്ലിലെ അഹമ്മദ് ദേവർകോവിൽ, ജനാധ്യപത്യ കേരള കോൺഗ്രസിലെ ആന്റണി രാജു എന്നിവരും പുതുമുഖ മന്ത്രിമാരാണ്.