തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ഇന്നു രാവിലെ 8.30 ഓടുകൂടിയാണ് ന്യൂനമർദം രൂപപ്പെട്ടതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ രാവിലെയോടെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദമാകാന്‍ സാധ്യതയുണ്ട്. മേയ് 24-ഓടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായും തുടര്‍ന്ന് അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായും മാറാൻ സാധ്യതയുണ്ട്. ഒമാന്‍ നിർദേശിച്ച ‘യാസ്’ എന്ന പേരിലാണ് ഈ ചുഴലിക്കാറ്റ് അറിയപ്പെടുക.
ന്യൂനമർദം വടക്കു പടിഞ്ഞാറ് സഞ്ചരിച്ചു ശക്തിപ്രാപിച്ചു മേയ് 24ന് ചുഴലിക്കാറ്റായി മാറാനും തുടർന്ന് വടക്കു പടിഞ്ഞാറ് സഞ്ചരിച്ച് തീവ്രതയേറി ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തു മേയ് 26ന് രാവിലെ എത്താൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രൂപപ്പെട്ട പുതിയ ന്യൂനമർദം കേരളത്തിലേക്ക് കാലവർഷം വേഗത്തിൽ എത്തുന്നതിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ അധികൃതർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. എല്ലാ മുന്നൊരുക്കങ്ങളും നടത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് 26 ന് യാസ് ചുഴലിക്കാറ്റ് തീരം തൊട്ടേക്കാമെന്നും മുൻകരുതൽ വേണമെന്നുമാണ് ഒഡിഷയ്ക്കും പശ്ചിമ ബംഗാളിനും കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ മേയ് 25 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദേശമുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: മരണത്തെ മുഖാമുഖം കണ്ട ഒന്നര ദിവസം; ടൗട്ടെയുടെ നടുക്കുന്ന ഓര്‍മകളില്‍ അതുല്‍
അതേസമയം, തെക്കു പടിഞ്ഞാറൻ കാലവർഷം തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള നിക്കോബാർ ദ്വീപുകളിലും ഇന്നലെ എത്തി ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കും എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു.