തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം നിലവിൽ വന്നതോടെ ബാറുകൾ വീണ്ടും തുറന്നു. ഇന്ന് രാവിലെയാണ് ബാറുകൾ പ്രവർത്തനം പുനരാരംഭിച്ചത്. ഏറ്റവും കൂടുതൽ ബാറുകൾ തുറക്കുന്നത് എറണാകുളം ജില്ലയിലാണ്.

80 ബാറുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ഇന്നലെ ലൈസൻസ് ലഭിച്ച 12 നക്ഷത്ര ഹോട്ടലുകളും നേരത്തേ ലൈസൻസ് ലഭിച്ച 68 ഹോട്ടലുകളും ഉൾപ്പെടുത്തിയാണിത്. പഞ്ചനക്ഷത്ര ഹോട്ടലുകളായ 20 ഇടങ്ങളിൽ നേരത്തേ തന്നെ ബാറുകൾ പ്രവർത്തിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം നൂറായി ഉയരും.

ഇന്നലെ മദ്യനയം നിലവിൽ വന്നിരുന്നെങ്കിലും ഒന്നാം തീയ്യതി ആയതിനാൽ ബാറുകൾ തുറക്കാൻ സാധിച്ചിരുന്നില്ല. നേരത്തേ യുഡിഎഫ് സർക്കാർ മദ്യനിരോധനം ഏർപ്പെടുത്തുന്നത് വരെ (2014 മാര്‍ച്ച് 31) പ്രവര്‍ത്തിച്ചിരുന്ന ത്രീസ്റ്റാര്‍ പദവിക്ക് മുകളിലേക്കുള്ള ഹോട്ടലുകള്‍ക്കാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്.

പുതുതായി ലൈസൻസ് ലഭിച്ച ബാറുകളടക്കം എറണാകുളത്താണ് ഇപ്പോൾ ഏറ്റവും കൂടുതൽ ബാറുകളുള്ളത്. എട്ട് പഞ്ചനക്ഷത്ര ബാറുകള്‍ നേരത്തേ പ്രവർത്തിച്ചിരുന്ന ഇവിടെ, 21 ബാറുകള്‍ക്ക് പുതുതായി ലൈസന്‍സ് അനുവദിച്ചു.

തിരുവനന്തപുരം ജില്ലയില്‍ 11 ലൈസന്‍സുകള്‍ പുതുക്കിനല്‍കിയപ്പോൾ പത്തനംതിട്ട, കാസര്‍കോട് ജില്ലകളിൽ ഇതുവരെ ബാര്‍ ലൈസന്‍സിനുള്ള അപേക്ഷ ആരും സമർപ്പിച്ചിട്ടില്ല. തിരുവനന്തപുരത്ത് ഇപ്പോൾ ആകെ 17 ബാറുകള്‍ ഉണ്ട്. ആലപ്പുഴ (2), കണ്ണൂര്‍ (8), കോട്ടയം (7), മലപ്പുറം (4), പാലക്കാട് (6), വയനാട് (2), ഇടുക്കി (1),കൊല്ലം (3), കോഴിക്കോട് (5), തൃശ്ശൂര്‍ (9) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ ലൈസൻസ് ലഭിച്ച ഹോട്ടലുകളുടെ എണ്ണം.

എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നുള്ള രണ്ട് അപേക്ഷകൾ കൂടി എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണ്. അവ്യക്തത കാരണം തിരുവനന്തപുരത്ത് തിരികെ നല്‍കിയ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് വിവരം.

അതേസമയം നേരത്തെ ബാറില്ലായിരുന്ന ത്രീസ്റ്റാര്‍ പദവിക്ക് മുകളിലുള്ള ഹോട്ടലുകളുടെ അപേക്ഷകളിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പത്തോളം അപേക്ഷകൾ ഇങ്ങിനെ തീരുമാനമെടുക്കാതെ മാറ്റിവച്ചിട്ടുണ്ട്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ലൈസന്‍സ് നല്‍കുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്.

നേരത്തേ യുഡിഎഫ് സർക്കാർ മദ്യനിരോധനം ഏർപ്പെടുത്തുമ്പോൾ സംസ്ഥാനത്ത് 730 ലധികം ബാറുകൾ നിലവിൽ ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ നിലവാരമില്ലെന്ന കാരണം പറഞ്ഞ് 412 എണ്ണം പൂട്ടിയ സർക്കാർ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രമായി മദ്യവിൽപ്പനയുടെ അനുമതി വെട്ടിച്ചുരുക്കി. പിന്നാലെ സുപ്രീം കോടതി, ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ദൂരപരിധിയ്ക്ക് പുറത്തായിരിക്കണം മദ്യശാലകൾ എന്ന് ഉത്തരവിട്ടതോടെ വിൽപ്പന കൂടുതൽ പ്രതിസന്ധിയിലാവുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ