തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ താരമായിരുന്ന മുഹമ്മദ് അഫ്സലിന് വളര്‍ന്ന നാടിന്റെ സ്നേഹത്തണല്‍. ബിരുദ വിദ്യാര്‍ഥിയായ ഈ ഉത്തര്‍പ്രദേശ് സ്വദേശിക്ക് സംസ്ഥാനസര്‍ക്കാര്‍ വീട് നല്‍കും. സ്വന്തമായൊരു വീട് എന്ന അഫ്സലിന്റെ ആഗ്രഹം ഇരിങ്ങാലക്കുടയില്‍ നടന്ന സാന്ത്വനസ്പര്‍ശം അദാലത്തിലൂടെയാണ് സാധ്യമായത്.
സംസ്ഥാന കലോത്സവത്തില്‍ തുടര്‍ച്ചയായി മൂന്നു തവണ ഉര്‍ദു പ്രസംഗത്തില്‍ ഒന്നാംസ്ഥാനം നേടിയ അഫ്സല് നേരത്തെതന്നെ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. മരപ്പണിക്കാരനായ പിതാവ് മുഹമ്മദ് ഷിഹാബുദ്ദീനൊപ്പം അഫ്സല് കേരളത്തിലെത്തിയിട്ട് 11 വര്‍ഷം. തെരുവിലും ഇഷ്ടികക്കളത്തിലെ ഷെഡ്ഡിലുമായിരുന്നു കുറേക്കാലം കുടുംബത്തിന്റെ ജീവിതം. പിന്നീട് വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജങ്ഷനില്‍ വാടകയ്ക്ക് താമസം ആരംഭിച്ചു. പഠിക്കാനുള്ള ആഗ്രഹത്താല്‍ നടവരമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്നു.
Read More: പൊതുസ്ഥലങ്ങളില്‍ കുട്ടികളുമായി വന്നാല്‍ പിഴയെന്ന വാര്‍ത്ത വ്യാജം; നടപടിയെന്ന് കേരള പൊലീസ്
പഠനത്തിലും പ്രസംഗത്തിലും ഒരുപോലെ മിടുക്കനായ അഫ്സല് പത്താംക്ലാസില്‍ മലയാളം ഉള്‍പ്പെടെ നാല് വിഷയങ്ങളില്‍ എ പ്ലസ് നേടിയിരുന്നു. നടവരമ്പ് സ്കൂളിലെ അധ്യാപിക ഷക്കീല, അഫ്സലിന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടുനിന്നു. ഒടുവില്‍ അദാലത്തിലേക്ക് അഫ്സലിന്റെ കുടുംബത്തിനു വഴികാട്ടിയായതും ഈ അധ്യാപിക തന്നെ.

പെരുമ്പാവൂരിലെ ശ്രീശങ്കര വിദ്യാപീഠം കോളേജില്‍ ഹിന്ദി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഫ്സല്. അഫ്സലിനെക്കുറിച്ചറിഞ്ഞ ആര്‍ട്ടിസ്റ്റ് റിയാസ് കോമു കരുവന്നൂരിലുള്ള തന്റെ നാല് സെന്റ് സ്ഥലം ഈ കുടുംബത്തിനു വീട് വയ്ക്കുന്നതിനു വിട്ടു നല്കാന് തയാറെന്നറിയിച്ചു. ഈ ഭൂമിയിലാണ് സര്‍ക്കാര്‍ അഫ്സലിനും കുടുംബത്തിനും വീട് നിര്‍മിച്ചുനല്‍കുക.
അഫ്സലിനുവേണ്ടി പിതാവ് ഷിഹാബുദ്ദീനും സഹോദരി തമന്നയുമാണ് അപേക്ഷയുമായി അദാലത്തിലെത്തിയത്. അപേക്ഷ പരിശോധിച്ച കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ കെയര്‍ ഹോം പദ്ധതിയിലോ വൈഗ ഭവനപദ്ധതിയിലോ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ചു നല്കാന് കലക്ടര്‍ എസ് ഷാനവാസിന് നിര്‍ദേശം നല്‍കുകയായിരുന്നു. കലക്ടര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം കൈമാറി.