/indian-express-malayalam/media/media_files/uploads/2017/02/congress1.jpg)
കോഴിക്കോട്: മടിമാറി ഖദറില്‍ വിയര്‍പ്പ് പടരാന്‍ തുടങ്ങിയതിനൊപ്പം ന്യൂജെന്‍ പരിപാടികളുമായതോടെ കോണ്‍ഗ്രസിനും ആളെക്കിട്ടുന്നു. ഗ്രൂപ്പിനതീതമായി ചലിക്കുന്ന കമ്മിറ്റികളും ഉത്തരവാദിത്തമേറ്റെടുക്കാന്‍ തയാറാകുന്ന നേതാക്കളും കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിനു നല്‍കുന്നതു പുതിയ മുഖം.
ഡിസിസി പുനഃസംഘടനാ വിഷയത്തിൽ ഉമ്മൻ ചാണ്ടി ഇടഞ്ഞുനിൽക്കുമ്പോഴാണ് ഒസിയുടെ വലംകൈ ഉഷാറായി പാർട്ടി കെട്ടിയുർത്താൻ ജില്ലയിൽ നേതൃത്വം നൽകുന്നത് എന്നത് മറ്റൊരു വിരോധാഭാസം. ഉമ്മൻചാണ്ടി കേന്ദ്രനേതൃത്വത്തിന്റെ സമീപനങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തി പ്രതിഷേധ പിന്മാറലുകൾ നടത്തുമ്പോഴാണ് ടി.സിദ്ദിഖ് കോഴിക്കോട് ആവേശത്തോടെ പരിപാടികൾ സംഘടിപ്പിക്കാൻ ഓടി നടക്കുന്നത്. മാത്രമല്ല, സിദ്ദിഖ് സംഘടിപ്പിച്ച പരിപാടികളിൽ ഉമ്മൻചാണ്ടിയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നു. ആ സമയത്ത് കോട്ടയത്തെ കോൺഗ്രസ് പരിപാടികളിൽ നിന്നും പോലും വിട്ടു നിൽക്കുകയായിരുന്നു അദ്ദേഹം.
സാന്നിധ്യം വിപുലമാണെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസിനു സംഘടനാപരമായി ഏറെ പോരായ്മയുള്ള ജില്ലയാണു കോഴിക്കോട്. ഡിസിസിയും കീഴ്ഘടകങ്ങളും തമ്മിലുള്ള ബന്ധം അതീവ ദുര്‍ബലം. ഏറ്റവും താഴെത്തട്ടിലുള്ള ബൂത്ത് കമ്മിറ്റികള്‍ ഭൂരിഭാഗവും നിര്‍ജീവം. സംഘടനാ ഉത്തരവാദിത്തം നിര്‍വഹിക്കാത്ത ഭാരവാഹികള്‍- ഒറ്റനോട്ടത്തില്‍ ഇതായിരുന്നു ജില്ലയിലെ കോണ്‍ഗ്രസിന്റെ സ്ഥിതി. ഇത് തിരഞ്ഞെടുപ്പ് രംഗത്തും പാര്‍ട്ടിക്ക് ഏറെ ക്ഷീണമാണു വരുത്തുന്നത്. 15 വര്‍ഷമായി ജില്ലയില്‍നിന്ന് ഒരു എംഎല്‍എ പോലുമില്ല. തദ്ദേശഭരണസ്ഥാപനങ്ങളില്‍ മേല്‍ക്കൈ നഷ്ടപ്പെട്ടു. രണ്ടു തവണയായി ജില്ലയിലെ വടകര, കോഴിക്കോട് പാര്‍ലമെന്റ് സീറ്റുകള്‍ പാര്‍ട്ടിക്കൊപ്പമാണെങ്കിലും ഒരു വോട്ടിങ് പാറ്റേണ്‍ അനുസരിച്ച് ജയിച്ചുവരുന്നുവെന്നാണു ഡിസിസിയുടെ വിലയിരുത്തല്‍. അത് കോൺഗ്രസിന്റെ പ്രവർത്തനം കൊണ്ടല്ലന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പ് കണക്കുകളും ആ സമയങ്ങളിലെ സംഭവ വികാസങ്ങളും പരിഗണിച്ചാൽ മനസ്സിലാകും. പിന്നെ ഇടതുപക്ഷം നിർത്തുന്ന സ്ഥാനാർത്ഥികളും സിപിഎമ്മിലെ ഉൾപ്പാർട്ടി പ്രശ്നങ്ങളുമാണ് ഈ രണ്ട് മണ്ഡലങ്ങളും കഴിഞ്ഞ രണ്ട് തവണയായി കോൺഗ്രസിന് ഒപ്പമാകാൻ കാരണമായത്. വടകരയിൽ ഇത്തവണ മുല്ലപ്പളളി രാമചന്ദ്രൻ കഷ്‌ടിച്ചാണ് ഡൽഹിക്ക് ടിക്കറ്റ് കിട്ടിയത്.
ഈ അവസ്ഥ മറികടക്കാനാണ് ഇപ്പോൾ കോൺഗ്രസിന്റെ ശ്രമം. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ചുരുങ്ങിയതു മൂന്നു സീറ്റെങ്കിലും തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണു പാര്‍ട്ടി. ഒപ്പം തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിലമെച്ചപ്പെടുത്താമെന്നും പ്രതീക്ഷിക്കുന്നു. ഈ ലക്ഷ്യത്തിനായി സംഘടനാ സംവിധാനങ്ങളെ ഉടച്ചുവാര്‍ത്ത് കമ്മിറ്റികളെയും പ്രവര്‍ത്തകരെയും സജീവമാക്കാനാണു ശ്രമം.
അഡ്വ. ടി.സിദ്ദിഖ് ഡിസിസി പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിനുശേഷം മതാന്ധതയ്‌ക്കെതിരേ മതേതര മാനവസംഗമം, വരള്‍ച്ചാ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജലഹസ്തം, നോട്ട് പിന്‍വലിക്കലിനെതിരേ നടന്ന ഹെഡ് പോസ്റ്റ് ഓഫീസ് പിക്കറ്റിങ്ങ്, എം.ടിക്കും കമലിനുമെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരായ തമസോമ ജ്യോതിര്‍ഗമയ തുടങ്ങി അടുത്തിടെ കോണ്‍ഗ്രസ് നടത്തിയ പരിപാടികള്‍ വ്യത്യസ്തത കൊണ്ടും പാര്‍ട്ടിപ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തം കൊണ്ടും താഴെതട്ടില്‍വരെ ഏറെ ശ്രദ്ധനേടിയവയാണ്. ജനുവരി 30നു കോഴിക്കോട് നഗരത്തില്‍ നടത്തിയ മതേതര മാനവസംഗമം പരിപാടിയില്‍ ഇരുപതിനായിരം പ്രവര്‍ത്തകര്‍ പങ്കെടുത്തതായാണു ഡിസിസിയുടെ കണക്ക്.
അടുത്തിടവരെ ജില്ലയിൽ കോൺഗ്രസിന്റെ അവസ്ഥ കണ്ടിട്ടുളളവർക്ക് ഇപ്പോഴത്തെ മാറ്റം അത്ഭുതം ഉളവാക്കുന്നതാണ്. ഡിസിസി ഒരു പരിപാടി പ്രഖ്യാപിക്കുന്നു, അതില്‍ അണികള്‍ പോയിട്ട് നേതാക്കള്‍വരെ പങ്കെടുത്താലായി- എന്നതായിരുന്നു കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് രീതി. പണിയെടുക്കുന്നവര്‍ക്കും പണിയെടുക്കാത്തവര്‍ക്കും ഒരേ അംഗീകാരം എന്ന പ്രവണത ഇനി നടപ്പില്ലെന്നാണ് പുതിയ ഡിസിസി പ്രസിഡന്റിന്റെ നിലപാട്. പ്രവര്‍ത്തനക്ഷമായ കമ്മിറ്റികളും ഉത്തരവാദിത്തബോധമുള്ള ഭാരവാഹികളും ഉണ്ടായേതീരൂ. അല്ലാത്ത കമ്മിറ്റികളെയും നേതാക്കളെയും മാറ്റാന്‍ നടപടിയുണ്ടാകും. മാനവസംഗമം പരിപാടിയില്‍ പങ്കെടുക്കാതിരുന്ന ഒളവണ്ണ മണ്ഡലം പ്രസിഡന്റ് ഓച്ചേരി വിശ്വനെ തല്‍സ്ഥാനത്തുനിന്ന് ഉടന്‍ നീക്കും. ഡിസിസി ജംബോ കമ്മിറ്റിയാണെന്ന പേരുദോഷമുണ്ടെങ്കിലും ഈ നേതാക്കളെക്കൊണ്ടെല്ലാം പണിയെടുപ്പിക്കാനു സിദ്ദിഖിന്റെ തീരുമാനം. പ്രവര്‍ത്തിക്കാത്ത ഭാരവാഹികളെക്കുറിച്ച് കെപിസിസിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും സിദ്ദിഖ് പറഞ്ഞു.
പാര്‍ട്ടിപരിപാടികളിലെ പങ്കാളിത്തത്തിനു നല്‍കുന്ന 'ടാര്‍ജറ്റ്' കീഴ്ഘടകങ്ങള്‍ പാലിക്കുന്നോണ്ടെയെന്ന് ഇനി മുതല്‍ കര്‍ശനമായി നിരീക്ഷിക്കും. കീഴ്ഘടകങ്ങള്‍ ടാര്‍ജറ്റിനനുസരിച്ചുള്ള പ്രവര്‍ത്തകരുടെ എണ്ണവും പേരും പരിപാടി നിശ്ചയിക്കുന്ന കമ്മിറ്റിക്കു നല്‍കണം. അതാതു കീഴ് കമ്മിറ്റികളിലെ രണ്ടു ഭാരവാഹികള്‍ ഈ പട്ടികയില്‍ ഒപ്പുവയ്ക്കണം. ഈ കണക്ക് ശരിയാണോയെന്നു മേല്‍കമ്മിറ്റി പരിശോധിക്കും. മാനവസംഗമത്തിലെ നേതാക്കളുടെയും 104 മണ്ഡലങ്ങളിലെയും പ്രവര്‍ത്തകരുടെയും പങ്കാളിത്തം നിരീക്ഷിക്കാന്‍ 52 ഡി.സി.സി. ഭാരവാഹികള്‍ക്കാണു ചുമതല നല്‍കിയിരുന്നത്. 26 ബ്ലോക്കുകള്‍ക്കു രണ്ടു ഭാരവാഹികള്‍ എന്ന രീതിയിലായിരുന്നു ചുമതല.
സംഘടനാ സംവിധാനം ഉടച്ചുവാര്‍ത്ത് കീഴ്ഘടകങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണു സിദ്ദിഖ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഡിസിസി ഭാരവാഹികള്‍ക്കു നേരിട്ടു ബ്ലോക്ക് കമ്മിറ്റികള്‍ക്കു കീഴിലുള്ള മണ്ഡലം കമ്മിറ്റികളുടെ ചുമതല നല്‍കി. ബൂത്ത് യോഗങ്ങളില്‍ ചുമതലയുള്ള ഡിസിസി ഭാരവാഹികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം. മൂന്നു മാസം കൂടുമ്പോള്‍ ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭാരവാഹികളുടെയും കമ്മിറ്റികളുടെയും പ്രവര്‍ത്തനം അവലോകനം ചെയ്യും. ഓരോ പരിപാടിയിലെയും 'പെര്‍ഫോമന്‍സും' ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടുന്ന പ്രത്യേക സമിതി വിലയിരുത്തും. നിര്‍ജീവമായ ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാനും ഉടന്‍ നടപടിയുണ്ടാകും. 10നു ചേരുന്ന ജില്ലാ ക്യാംപ് എക്‌സിക്യൂട്ടീവില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.
കോണ്‍ഗ്രസ് കൈവിട്ട മേഖലകള്‍ തിരിച്ചുപിടിക്കുകയെന്നതാണു ലക്ഷ്യമെന്നു ടി.സിദ്ദിഖ് പറഞ്ഞു. ഇതിന്റെ ഭാഗമായി സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ ഇടപെടല്‍ സജീവമാക്കും. 1917ലെ മലബാറിലെ ആദ്യ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ നൂറാം വാർഷികം ഒരു വര്‍ഷം നീളുന്ന വ്യത്യസ്തമായ പരിപാടികളോടെ നടത്തും. 26 ബ്ലോക്ക് കമ്മിറ്റികളും ദരിദ്രര്‍ക്കായി ഓരോ വീട് വച്ച് നല്‍കും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായും സിദ്ദിഖ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.