തിരുവനന്തപുരം: രാജ്യത്തെ പുതുക്കിയ ഇന്ധനവില പ്രാബല്യത്തിൽ വന്നു. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതോടെ പെട്രോൾ ലിറ്ററിന് 10.40 രൂപയും ഡീസൽ ലിറ്ററിന് 7.35 രൂപയുമാണ് സംസ്ഥാനത്ത് കുറഞ്ഞത്. കേന്ദ്ര എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും കുറച്ചതിന് ആനുപാതികമായി സംസ്ഥാന സർക്കാരും പെട്രോൾ വാറ്റ് നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും കുറച്ചു.
ഇതോടെ തിരുവന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 106.74 രൂപയും ഡീസലിന് 96.58 രൂപയുമായി. കൊച്ചിയിൽ ഒരു ലിറ്റർ പ്രെടോളിന് 104.62 രൂപയും ഡീസലിന് 92.63 രൂപയുമാണ്. കോഴിക്കോട് പ്രെടോളിന് 104.92 രൂപയും ഡീസലിന് 94.89 രൂപയുമാണ് പുതിയ വില.
വിലക്കയറ്റവും പണപ്പെരുപ്പവും നേരിടാനായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് കഴിഞ്ഞ ദിവസം സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ഇന്ധന നികുതി കുറയ്ക്കുന്നതിന് പുറമെ പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഒമ്പത് കോടിയിലധികം ഗുണഭോക്താക്കൾക്ക് ഒരു ഗ്യാസ് സിലിണ്ടറിന് (12 സിലിണ്ടറുകൾ വരെ) 200 രൂപ സർക്കാർ സബ്‌സിഡി നൽകുമെന്നും പ്രഖ്യാപിച്ചു.
ഇന്ധനവിലയിലെ എക്സൈസ് തിരുവ വെട്ടിക്കുറച്ചത് ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലായ്‌പ്പോഴും ജനങ്ങള്‍ക്കാണ് ആദ്യ പരിഗണനയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അതേസമയം, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പരിപാടിയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കമെന്ന് പ്രതിപക്ഷം വിമർശിച്ചു.
കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണെന്നും ഇതിനെ സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
Also Read: പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികൾ പ്രഖ്യാപിച്ച് ധനമന്ത്രി; പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്