തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിനൊപ്പം ഇനി പഴവര്‍ഗങ്ങളും. ഭക്ഷണത്തിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് പഴങ്ങള്‍ കൂടി നല്‍കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി തയ്യാറാക്കിയ സമഗ്ര പദ്ധതി പൊതു വിദ്യാഭ്യാസ ഡയറക്ടേറ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഒന്നു മുതല്‍ എട്ടുവരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 28 ലക്ഷം വിദ്യാര്‍ഥികള്‍ക്കായാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഇതോടെ ഉച്ചഭക്ഷണത്തിനു പുറമേ പാലും പഴവും മുട്ടയും നല്‍കുന്ന ഏക സംസ്ഥാനമായി കേരളം മാറും. ഓരോ വിദ്യാര്‍ഥിക്കും ആഴ്ചയില്‍ ഒരു ദിവസം 10 രൂപയുടെ പഴം നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വാഴപ്പഴം, പേരക്ക, മാങ്ങ, പപ്പായ, നെല്ലിക്ക തുടങ്ങിയവയാണ്  ഇതിനായി പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

Read Also: പൊതുവിദ്യാലയങ്ങളിലേക്ക് പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധന

വിഷരഹിത ഫല വർഗങ്ങളായിരിക്കും വിദ്യാർഥികൾക്ക് നൽകുന്നതിനായി കണ്ടെത്തുക. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പഴങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം.
നിലവില്‍ ചോറിനൊപ്പം പഴവര്‍ഗങ്ങളും പച്ചക്കറിയും ഉള്‍പ്പെടുന്ന കറികള്‍ നല്‍കുന്നുണ്ട്.  ആഴ്ചയില്‍ പാലും മുട്ടയും വിദ്യാർഥികൾക്ക് നൽകി വരുന്നുണ്ട്. സ്കൂൾ‌ വിദ്യാർഥികളിൽ മികച്ച ആരോഗ്യ ശീലം വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ അറിയിച്ചു.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നത്.  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം പുതുതായി എത്തിയത് 1.63 ലക്ഷം കുട്ടികളാണെന്നാണ് കണക്കുകൾ. സര്‍ക്കാര്‍ – എയ്ഡഡ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പുതുതായി ചേര്‍ന്നത് അഞ്ചാം ക്ലാസിലാണ്. സ്‌കൂളുകളിലെ ആറാം പ്രവൃത്തിദിന കണക്കെടുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ചാണ് വിവരങ്ങള്‍.

Read Also: ‘ഷമിയ്ക്ക് നാണമില്ല, ടികോ ടോക്കില്‍ കൂടുതലും പിന്തുടരുന്നത് യുവതികളെ’; ആക്ഷേപവുമായി ഹസിന്‍ ജഹാന്‍

അഞ്ചാം ക്ലാസില്‍ 44,636 കുട്ടികള്‍ പുതുതായി പ്രവേശനം നേടി. എട്ടാം ക്ലാസില്‍ 38,492 കുട്ടികളുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. അതേസമയം, അണ്‍ എയ്ഡഡ് മേഖലയില്‍ 38,000 ലേറെ കുട്ടികള്‍ കുറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ 11.69 ലക്ഷവും എയ്ഡഡ് മേഖലയില്‍ 21.58 ലക്ഷവും അണ്‍ എയ്ഡഡ് മേഖലയില്‍ 3.89 ലക്ഷവും ഉള്‍പ്പെടെ 37.16 ലക്ഷം കുട്ടികളാണ് പുതുതായി ചേര്‍ന്നവര്‍.

കുട്ടികളുടെ എണ്ണം സംബന്ധിച്ച് അന്തിമ വിശകലനം നടത്തി കണക്ക് ‘സമ്പൂര്‍ണ’ സോഫ്റ്റ്‌വെയറില്‍ ഒദ്യോഗികമായി പിന്നീട് പ്രസിദ്ധീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാലയങ്ങളില്‍ 4.93 ലക്ഷം കുട്ടികള്‍ വര്‍ധിച്ചുവെന്നാണ് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.