/indian-express-malayalam/media/media_files/uploads/2019/07/varal.jpg)
കൊച്ചി: കേരളത്തില്‍ നിന്നും മറ്റൊരു ഭൂഗര്‍ഭ മത്സ്യം കൂടി കണ്ടെത്തി. വരാല്‍ വിഭാഗത്തില്‍പെട്ട ഈ മത്സ്യം നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴസസ് (എന്‍.ബി.എഫ്.ജി.ആര്‍.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് കണ്ടെത്തിയത്. ചുവന്ന നിറത്തില്‍ നീളമുള്ള ശരീരത്തോട് കൂടിയ ഈ ചെറിയ മത്സ്യം തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ലഭിച്ചത്.
ഗവേഷകര്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഭുഗര്‍ഭവരാല്‍ ഇനത്തിലെ ലോകത്ത് തന്നെ രണ്ടാമത്തെ മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞത്. എന്‍.ബി.എഫ്.ജി.ആറിലെ ഗവേഷകനായ രാഹുല്‍ ജി കുമാറിന്റെ നേതൃത്വത്തിലെ ഗവേഷകസംഘം എനിഗ്മചന്ന മഹാബലി എന്നാണ് ഇതിന് ശാസത്രീയനാമം നല്‍കിയിരിക്കുന്നത്.
നേരത്തെ, മലപ്പുറം ജില്ലയില്‍ നിന്നും ഇതിന് സമാനമായ ഒരു മത്സ്യം കണ്ടെത്തിയിരുന്നു. ലോകത്താകമാനം ഭൂഗര്‍ഭജലാശയങ്ങളില്‍ നിന്ന് 250 ഇനം മത്സ്യങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏഴ് മത്സ്യങ്ങള്‍ കേരളത്തിലാണുള്ളത്. ഇന്ത്യയില്‍, ഭൂഗര്‍ഭജലാശയ മത്സ്യവൈവിധ്യങ്ങളുടെ പ്രഭവകേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഇത്തരം മത്സ്യയിനങ്ങള്‍ കണ്ടെത്താന്‍ ഇനിയും സാധ്യതയുള്ളതിനാല്‍ ഈ മേഖലയില്‍ കൂടുതല്‍ പഠനം നടത്തേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
ഭൂഗര്‍ഭമത്സ്യങ്ങളുടെ സാന്നിധ്യം, അതാത് ജലാശയങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരമാണ് വെളിപ്പെടുത്തുന്നത്. ഈ കാരണത്താല്‍, ഇത്തരം മത്സ്യങ്ങളെ സംരക്ഷിക്കേണ്ടത് ശുദ്ധജല ലഭ്യത നിലനിര്‍ത്തുന്നതിന് അനിവാര്യമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.
കേരളത്തില്‍ 300 ലധികം ശുദ്ധജലമത്സ്യങ്ങളുണ്ട്. ഇതില്‍ മൂന്നിലൊരു ഭാഗം തദ്ദേശീയ മത്സ്യങ്ങളാണ്. എന്നാല്‍, ഭൂഗര്‍ഭജലാശലയങ്ങളില്‍ കണ്ടെത്തപ്പെടാതെ ഇനിയും മത്സ്്യങ്ങളുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം. കിണറുകളിലോ മറ്റ് ഭൂഗര്‍ഭജലാശയങ്ങളിലോ ഇത്തരം മീനുകളെ കണ്ടെത്തുന്നവര്‍ കൊച്ചിയിലെ എന്‍.ബി.എഫ്.ജി.ആര്‍ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും അവര്‍ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.