തിരുവനന്തപുരം : സംസ്ഥാനത്തെ കോളേജുകളിൽ ഇന്റേണൽ മാർക്ക് നൽകുന്നതിന് പുതിയ സംവിധാനം വേണമെന്ന് വിദഗ്ദസമിതിയുടെ നിർദ്ദേശം. സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയാണ് പുതിയ നിർദ്ദേശം മുന്നോട്ട് വച്ചത്.
സർവകലാശാല, കോളേജ് തലങ്ങളിൽ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും അക്കാദമിക്ക് ഓഡിറ്റിങ് നടത്തണമെന്നും സർവകലാശാല വൈസ്ചാൻസിലർ അടങ്ങിയ സമിതി സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. അടുത്ത അധ്യയന വർഷം മുതൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിയാൽ ഗുണകരമാകുമെന്നും എംജി സർവകലാശാല വൈസ് ചാൻസിലർ അധ്യക്ഷനായ സമിതി ശുപാർശ നൽകിയിട്ടുണ്ട്.
ജിഷ്ണു പ്രണോയിയുടെ മരണവും, ലോ അക്കാദമി വിഷയത്തിനും ഉണ്ടായ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ വിദഗ്ദ സമിതിയെ നിയമിച്ചത്. ഇൻന്റേണൽ മാർക്ക് നൽകുന്നതിൽ പുതിയ സംവിധാനം വേണമെന്ന സുപ്രധാന നിർദ്ദേശമാണ് സമിതി സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. ഈ ശുപാർശകൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.