കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സ്ത്രീയാണ് മരിച്ചത്. കാൻസർ രോഗബാധിതയായിരുന്ന ഇവരെ നാല് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോള്‍ തന്നെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഇവർക്ക് രോഗം എവിടെനിന്നാണ് പകർന്നതെന്ന് വ്യക്തമല്ല. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ എണ്ണം അഞ്ചായി.

Read More: പ്രവാസികൾക്ക് ഇനി ഏഴ് ദിവസം സർക്കാർ ക്വാറന്റൈൻ, ഏഴ് ദിവസം ഹോം ക്വാറന്റൈൻ

വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഇവര്‍ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അവിടെ വച്ച് കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കേരളത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം അതിവേഗം കുതിച്ചുയരുകയാണ്. കഴിഞ്ഞ ഒരു ആഴ്‌ചയ്‌ക്കിടെ സംസ്ഥാനത്ത് 207 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ പത്ത് ആരോഗ്യപ്രവർത്തകരുണ്ട്. രോഗബാധിതരിൽ ആറ് പേരുടെ രോഗഉറവിടം കണ്ടെത്താൻ സാധിക്കാത്തതും ആശങ്ക വർധിപ്പിക്കുന്നു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് 104 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. മേയ് 8 ന് തുടങ്ങിയ മൂന്നാം ഘട്ടത്തിൽ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 128 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 124 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 39 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.