കൊച്ചി: കേരളത്തില്‍ മറ്റൊരു കൊറോണ വൈറസ് കേസ് കൂടി സ്ഥിരീകരിച്ചു. കൊച്ചിയില്‍ മൂന്ന് വയസുകാരനാണു വൈറസ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിലെ കുട്ടിക്കാണു വൈറസ് ബാധ. ഏഴാം തീയതിയാണ് ഇവര്‍ ദുബായ് വഴി കൊച്ചിയിലെത്തിയത്. ഇതോടെ കേരളത്തില്‍ രണ്ടാംഘട്ടത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി.
ദുബായ് – കൊച്ചി ഇകെ 503 വിമാനത്തില്‍ ഏഴിനു പുലര്‍ച്ചെ 6.30നാണു കുട്ടി മാതാപിതാക്കള്‍ക്കൊപ്പം നെടുമ്പാശേരിയിലെത്തിയത്. വിമാനത്താവളത്തിലെ യൂണിവേഴ്‌സല്‍ സ്‌ക്രീനിങ് സംവിധാനത്തില്‍ പരിശോധന നടത്തിയപ്പോള്‍ പനിയുണ്ടെന്നു വ്യക്തമായി. ഉടന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു വൈറസ് ബാധ സ്ഥിരീകരിച്ചത്.
Also Read: ഇറ്റലിയിൽനിന്നാണ് വരുന്നതെന്ന വിവരം അറിയിച്ചിരുന്നു: പത്തനംതിട്ടയിലെ കൊറോണ വൈറസ് ബാധിതൻ
രോഗബാധ സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൂടെയുള്ള മാതാപിതാക്കള്‍ ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിച്ചിട്ടില്ല. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. കുട്ടിയുമായി സമ്പര്‍ക്കത്തിലായവര്‍ നീരീക്ഷണത്തിലാണ്. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 13 പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്.
ജില്ലയില്‍ കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രോഗപ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ച കളക്ടര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനത്തിലെ സഹയാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതു വിവിധ ജില്ലകള്‍ക്കു കൈമാറും. കുട്ടിയുമായി സമ്പര്‍ക്കത്തിലായവര്‍ നീരീക്ഷണത്തിലാണെന്ന് എറണാകുളം കലക്ടര്‍ എസ്.സുഹാസ് അറിയിച്ചു. ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
Also Read: CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം
ഇറ്റലിയില്‍നിന്നെത്തിയ പത്തനംതിട്ടയിലെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കള്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച റാന്നി സ്വദേശികളായ മൂന്നുപേര്‍ ഫെബ്രുവരി 29-നാണ് കേരളത്തിലെത്തിയത്. തുടര്‍ന്ന് ബന്ധുക്കളായ രണ്ടുപേര്‍ക്കും രോഗം ബാധിക്കുകയായിരുന്നു.
രാജ്യത്ത് ആദ്യമായി കേരളത്തിലാണു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളിലാണു രോഗം കണ്ടെത്തിയത്. തൃശൂര്‍, ആലപ്പുഴ, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ രോഗത്തില്‍നിന്നു മോചിതരായിരുന്നു.
ആഭ്യന്തര വിമാന യാത്രക്കാരേയും പരിശോധിക്കും
രാജ്യത്ത് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആഭ്യന്തര ടെര്‍മിനലിലും യാത്രക്കാരെ പരിശോധിക്കാന്‍ നെടുമ്പാശേരി വിമാനത്താവള അധികൃതര്‍ തീരുമാനിച്ചു. നേരത്തെ മാര്‍ച്ച് മൂന്ന് മുതല്‍ രാജ്യാന്തര ടെര്‍മിനലിലെത്തുന്ന എല്ലാ യാത്രക്കാരേയും പരിശോധനയ്ക്ക് വിധേയരാക്കി തുടങ്ങിയിരുന്നു. രണ്ട് ടെര്‍മിനലുകളിലും പുതിയ പരിശോധന കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇതുവരെ 15000 യാത്രക്കാരെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കി.
രോഗബാധയുടെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനിലില്‍ 12 ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ആഭ്യന്തര ടെര്‍മിനലില്‍ ആരോഗ്യവകുപ്പിന്റെ അഞ്ച് കൗണ്ടറുകളും സജ്ജമാണ്. വടക്കേ ഇന്ത്യയില്‍ രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കും.
വിദേശരാജ്യങ്ങളില്‍ നിന്നും രോഗലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് അതാത് ആശുപത്രികള്‍ ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണം. ഐസോലേഷന്‍ സൗകര്യമില്ലാത്ത സ്വകാര്യ ആശുപത്രികള്‍ ആരോഗ്യവകുപ്പിന്റെ സഹായം തേടണം. സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ശരീരസ്രവങ്ങള്‍ ശേഖരിക്കാനും പരിശോധനാ ഫലം എത്തിക്കുവാനുമുള്ള സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് നല്‍കും.
കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ചോയ്‌സ് സ്‌കൂളിലെ പ്രൈമറി ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ അവധി നല്‍കി. രാജഗിരി സ്‌കൂളിലും പ്രൈമറി, ലോവര്‍ പ്രൈമറി ക്ലാസ്സുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ക്ലാസ്സുകള്‍ പുനരാരംഭിക്കുന്ന ദിവസം പിന്നീട് അറിയിക്കും.