തിരുവനന്തപുരം: അഞ്ച് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റി നിയമിച്ചത്. കഴിഞ്ഞ ദിവസം ആര്‍ആർഎസ്‌എസ്‌ മേധാവി മോഹൻ ഭഗവതിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത് പാലക്കാട് കളക്ടറായിരുന്നു.

കോട്ടയം കളക്ടറായി നവജ്യോത് ഖോസയെയും പാലക്കാട് കളക്ടറായി സുരേഷ് ബാബുവിനേയും നിയമിച്ചു. ടി.വി.അനുപമയാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ. ശുചിത്വമിഷൻ ഡയറക്ടറായിരുന്ന ഡോ.കെ വാസുകിയെ തിരുവനന്തപുരം കളക്ടറായും ലോട്ടറി ഡയറക്ടർ എസ്.കാർത്തികേയനെ കൊല്ലം ജില്ലാ കളക്ടറായും നിയമിച്ചു.

സംസ്ഥാനത്തെ 81 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് 22 രൂപ നിരക്കില്‍ ഒരു കിലോ വീതം സ്പെഷ്യല്‍ പഞ്ചസാര വിതരണം ചെയ്യാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതിന് 20.51 കോടി രൂപ ചെലവ് വരും. ഭക്ഷ്യഭദ്രതാ നിയമപ്രകാരം മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചു. ഇതിന് 33.88 കോടി രൂപ ചെലവ് വരും.

അന്ത്യോദയ അന്ന യോജന വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ നല്‍കും. ഇതിന് 6.71 കോടി രൂപ ചെലവ് വരും. സംസ്ഥാനത്തെ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ഓണക്കാലത്ത് പതിനഞ്ച് കിലോ അരിയും എട്ട് ഇനം പലവ്യഞ്ജനങ്ങളുമടങ്ങിയ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ