തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാരീതിയിൽ അടിമുടി അഴിച്ചുണി. പരീക്ഷകൾ ഇനിമുതൽ രണ്ടുഘട്ടം. ആദ്യഘട്ടത്തിൽ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതിൽ വിജയിക്കുന്നവർ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടും. പിഎസ്‍സി ചെയർമാൻ എം.കെ സക്കീറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പത്ത് ലക്ഷമോ, ഇരുപത് ലക്ഷമോ പേർ അപേക്ഷിച്ചാൽ അവർക്ക് വേണ്ടി ആദ്യം നടത്തുക പ്രാഥമിക സ്ക്രീനിങ് ടെസ്റ്റാകും. ഇതിൽ പാസ്സാകുന്ന മികച്ച ഉദ്യോഗാർത്ഥികൾക്കായി രണ്ടാം പരീക്ഷ നടത്തും. ഇതിൽ വിഷയാധിഷ്ഠിതമായ, കൂടുതൽ മികച്ച ചോദ്യങ്ങൾ ഉണ്ടാകും. ഇതിന്‍റെ മാർക്കാകും അന്തിമ റാങ്കിങ്ങിന്റെ മാനദണ്ഡം.

Read More: ആവശ്യക്കാരുടെ എണ്ണം കൂടി, ലാപ്‌ടോപ്പും മൊബൈലും വരുന്നത് കുറഞ്ഞു; ഓണം വിപണിയിലും ആശങ്ക

അപേക്ഷകൾ കൂടുതലായി വരുന്ന തസ്തികകൾക്കായിരിക്കും പുതിയ പരിഷ്കരണം ബാധകമാവുക. പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവർ മികവുള്ളവരാകുമെന്നും കഴിവുള്ളവർ നിയമനത്തിന് യോഗ്യത നേടുമെന്നും പിഎസ്‍സി ചെയർമാൻ പറഞ്ഞു. അതേസമയം, നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് വീണ്ടും അദ്ദേഹം വ്യക്തമാക്കുന്നു. കെ.എ.എസ് പ്രിലിമിനറി ഫലം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.

നീട്ടിവെച്ച പരീക്ഷകൾ സെപ്റ്റംബർ മുതൽ നടത്തും. അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകൾ ഡിസംബർ മുതൽ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷകൾ നടത്തുക. നേരത്തെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നൽകിയിട്ടുണ്ട്.

ഓൺലൈൻ വെരിഫിക്കേഷന് അടക്കം പുതിയ രീതി പ്രഖ്യാപിക്കുകയാണെന്നും പിഎസ്‍സി വ്യക്തമാക്കുന്നു. ഇത് കോവിഡ് കാലത്തേയ്ക്കുള്ള താൽക്കാലി സംവിധാനമാകും. പിസിഎൻ നമ്പർ ഉള്ള, അതായത് മറ്റ് ജോലികൾക്കായി ഒരു തവണ പിഎസ്‍സി രേഖകൾ വെരിഫിക്കേഷൻ നടത്തി രേഖകൾ ഹാജരാക്കിയ ഉദ്യോഗാർത്ഥികൾ വീണ്ടും ഈ രേഖകൾ ഹാജരാക്കി വെരിഫിക്കേഷൻ നടത്തേണ്ടതില്ല. അതല്ലെങ്കിൽ തൊട്ടടുത്തുള്ള ജില്ലാ ആസ്ഥാനങ്ങളിൽ പോയി വെരിഫിക്കേഷൻ നടത്താം.

കോവിഡ് രോഗബാധിതരോ, കണ്ടെയ്ൻമെന്‍റ് സോണുകളിലോ ഉള്ള ആർക്കെങ്കിലും ഒരു കാരണവശാലും വെരിഫിക്കേഷന് വരാനാകില്ല എന്ന് വ്യക്തമായാൽ ഓൺലൈൻ വഴി വെരിഫിക്കേഷൻ നടത്താം. അവർ എല്ലാ ഡോക്യുമെന്‍റുകളും ഓൺലൈനായി അപ്‍ലോഡ് ചെയ്യണം. അവരെ വീഡിയോ കോൺഫറൻസിങ് വഴി കണ്ട് വെരിഫിക്കേഷൻ നടത്തും. എന്നാൽ ഇതും താൽക്കാലികമാകും. അന്തിമനടപടികൾക്ക് മുമ്പ് ഈ സർട്ടിഫിക്കറ്റുകൾ നേരിട്ട് ഉദ്യോഗാർത്ഥികൾ ഹാജരാക്കിയേ തീരൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.