തൊടുപുഴ: അപൂർവ്വ പക്ഷികളുടെയും ജന്തുജാലങ്ങളുടെയും കേദാരമായ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് രണ്ടു പുതിയ ഇനം ചിത്രശലഭങ്ങളെക്കൂടി കണ്ടെത്തി. മൂന്നാര്‍ വന്യജീവി ഡിവിഷനില്‍ വനംവകുപ്പും വിവിധ പരിസ്ഥിതി സംഘടനകളും സംയുക്തമായി നടത്തിയ സർവ്വേയിലാണ് ജൂവല്‍ ഫോര്‍-റിങ്, സില്‍വര്‍ ഫൊര്‍ഗറ്റ് മി നോട്ട് എന്നീ രണ്ടിനം ചിത്രശലഭങ്ങളെ പുതുതായി കണ്ടെത്തിയത്.
ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി, മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലെ അറുപതോളം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാലുദിവസം നീണ്ടു നിന്ന സർവ്വേയില്‍ മൊത്തം 201ചിത്രശലഭങ്ങളെയും 175 പക്ഷി ഇനങ്ങളെയും 30 തുമ്പി ഇനങ്ങളെയും കണ്ടെത്താന്‍ കഴിഞ്ഞതായി വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഗ്രാസ് ഓള്, ഗോള്‍ഡ് ഹെഡ്ഡഡ് സിറ്റിസ്റ്റോള, നീലഗിരി പിപിറ്റ്, ബ്ലാക്ക് ആന്റ് ഓറഞ്ച് ഫ്ളൈറ്റ്കാച്ചര്, കേരള ലാഫിങ് ത്രഷ്, വൈറ്റ് ബെലിഡഡ് ഷോര്ട്ട്വിങ് (ഷോലക്കിളി), നീല്‍ഗിരി ഫ്ളാഷ് കാച്ചര്‍, ബ്രോഡ് ടെയില്‍ ഗ്രാസ് ബേര്‍ഡ് എന്നീ പ്രധാനപ്പെട്ട ഇനം പക്ഷികളെ സർവ്വേയുടെ ഭാഗമായി കണ്ടെത്താന്‍ കഴിഞ്ഞു.
Read: അപൂർവ്വയിനം പക്ഷിയെ കാമറക്കുളളിലാക്കിയവർ
ചിത്രശലഭ വൈവിധ്യങ്ങളില്‍ റെഡ്-ഡിസ്ക് ബഷ്ബ്രൗണ്, പാല്‍നി ബുഷ് ബ്രൗണ്‍, പാല്‍നി ഫോറിങ്, പല്നി ഫില്റ്റിലറി, നീലഗിരി ക്ലൗഡഡ് മഞ്ഞ, നീലഗിരി ടൈഗര്‍, പല്നി സെയ്ലര് എന്നിവയെയും ഇത്തവണത്തെ സർവ്വേയില്‍ കണ്ടെത്താന്‍ കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഢ ശലഭത്തെയും (സതേണ്‍ ബേഡ് വിങ്) ഏറ്റവും ചെറിയ ഇനമായ രത്നനീലി (ഗ്രാസ് ജുവല്‍) എന്നിവയെയും സർവ്വേയുടെ ഭാഗമായി കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ തവണ നടത്തിയ ചിത്രശലഭങ്ങളുടെ സർവ്വേയില്‍ 240 ഇനത്തില്‍പ്പെട്ട ചിത്രശലഭങ്ങളെയാണ് കണ്ടെത്തിയത്. പളനി ബുഷ് ബ്രൗണ്‍, നീലഗിരി ടിറ്റ് തുടങ്ങിയ അപൂര്‍വയിനം ചിത്രശലഭങ്ങളെ കഴിഞ്ഞ തവണ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍നിന്നും കണ്ടെത്തിയിരുന്നു. കേരളത്തില്‍ ചിന്നാറില്‍ മാത്രമാണ് ഈയിനം ചിത്രശലഭങ്ങളെ കണ്ടെത്തിയിട്ടുള്ളത്.