തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ആവിഷ്കകരിച്ച ക്രൗഡ് ഫണ്ടിങ്ങിന് തുടക്കമായി. തകര്‍ന്ന മേഖലകളുടെ പുനര്‍നിര്‍മ്മാണത്തിനും ജനങ്ങളുടെ പുനരധിവാസത്തിനുമായുള്ള പദ്ധതികള്‍ക്ക് സംഭാവന നല്‍കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്രൗഡ്ഫണ്ടിങ് വെബ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

www.rebuild.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ലോകത്തെമ്പാടുമുള്ളവര്‍ക്ക് പങ്കാളികളാകം. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ ഉണ്ടാകും, ഇവയില്‍ താത്പര്യമുള്ള പദ്ധതികളുടെ നിര്‍മ്മാണത്തിനായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഭാവന ചെയ്യാം.

കമ്പനികള്‍ക്ക് തങ്ങളുടെ സിഎസ്ആര്‍ ഫണ്ടില്‍ പദ്ധതികളെ ഉള്‍പ്പെടുത്താന്‍ കഴിയും വിധമാണ് പോര്‍ട്ടലിന്റെ രൂപകല്‍പന. കേന്ദ്ര സര്‍ക്കാരിന്‍റെ ബില്‍ഡിങ് മെറ്റീരിയല്‍ ടെക്നോളജി പ്രൊമോഷന്‍ സെല്‍ അംഗീകരിച്ച വിശ്വാസ്യതയുള്ള ഏജന്‍സികളെയാവും വിവിധ പുനര്‍നിര്‍മാണ പദ്ധതികളുടെ നടത്തിപ്പ് ചുമതല ഏല്‍പ്പിക്കുക.

പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍റേയും ചീഫ് സെക്രട്ടറിയുടേയും അധ്യക്ഷതയില്‍ രണ്ട് ഉന്നതാധികാര സമിതികളായിരിക്കും മേൽനോട്ടം വഹിക്കുക. നവകേരളനിര്‍മ്മാണത്തിന് മന്ത്രിസഭ മേല്‍നോട്ടം വഹിക്കും. അതിനൊപ്പം ഈ രണ്ട് സമിതികളും ഉണ്ടാവും. പദ്ധതിയുടെ മുഖ്യകണ്‍സല്‍ട്ടന്‍സി കെപിഎംജിക്കായിരിക്കും.

മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഉപദേശകസമിതിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്‌ധരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍, ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി.തോമസ്, തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ.നായര്‍, വ്യവസായി എം.എ.യൂസഫലി, സുരക്ഷ വിദഗ്‌ധന്‍ മുരളി തുമ്മാരുകുടി എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.