പാ​ല​ക്കാ​ട്: കൂ​നി​ശേ​രി​യി​ൽ ദ​മ്പ​തി​ക​ൾ വിറ്റ കുഞ്ഞിനെ ഈറോഡിൽ നിന്ന് കണ്ടെത്തി. കുഞ്ഞിനെ വാങ്ങിയ ഈറോഡ് സ്വദേശി ജനാർദ്ദനനും പിടിയിലായി. കുഞ്ഞിനെ മലമ്പുഴയിലെ ആനന്ദ് ഭവനിലേക്ക് മാറ്റി. പാലക്കാട് സ്വദേശിനിയായ യുവതിയും ഇവരുടെ ഭർത്താവായ പൊളളാച്ചി സ്വദേശിയും ഭർതൃമാതാവും ചേർന്നാണ് കുഞ്ഞിനെ വിറ്റത്.

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് യുവതി ജില്ലാ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇവര്‍ക്ക് മറ്റു നാലു കുട്ടികള്‍ കൂടിയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഭർതൃമാതാവിന്റെ നിർദ്ദേശാനുസരണമാണ് കുഞ്ഞിനെ വിറ്റതെന്നാണ് വിവരം.

പ്രസവത്തിന് പോയ യുവതി കുഞ്ഞില്ലാതെ തിരികെ വന്നത് നാട്ടുകാരിൽ സംശയമുണർത്തുകയായിരുന്നു. ഇവർ അങ്കണവാടി അധികൃതരെ സമീപിച്ചതോടെയാണ് സംഭവം വിവാദമായത്. സാമൂഹ്യനീതി വകുപ്പ് വിഷയത്തിൽ ഇടപെടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ