കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് നവജാതശിശുവിനെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ യുവതി പിടിയിൽ. എറണാകുളം കളമശേരി സ്വദേശിനി നീതു (23)വാണു പിടിയിലായത്.
ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് നഴ്സ് വേഷം ധരിച്ചെത്തിയ യുവതി കടത്തിക്കൊണ്ടുപോയത്. ഒരു മണിക്കൂറത്തെ തിരച്ചിലിനൊടുവിൽ ആശുപത്രിക്കു സമീപത്തുനിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഗാന്ധിനഗര്‍ പൊലീസ് കുഞ്ഞിനെ അമ്മയ്ക്കു കൈമാറി.
കുഞ്ഞിനെ വിറ്റ് ലഭിക്കുന്ന തുക ഉപയോഗിച്ച് സാമ്പത്തിക ബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യമെന്നു നീതു പൊലീസിനു മൊഴി നൽകിയതായാണു വിവരം. ആശുപത്രി പരിസരത്തെ ഹോട്ടലിൽനിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. എട്ടുവയസുള്ള ആണ്‍കുട്ടിയുമായി ചൊവ്വാഴ്ച ഹോട്ടലില്‍ മുറിയെടുത്ത യുവതി ഇന്നലെയും മെഡിക്കല്‍ കോളജിലെത്തിയതായാണു പൊലീസ് പറയുന്നത്.
ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. നഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീ ചികിത്സയ്ക്ക് എന്ന പേരിൽ കുഞ്ഞിനെ അമ്മയുടെ കയ്യിൽ നിന്ന് വാങ്ങികൊണ്ടുപോവുകയായിരുന്നു എന്നാണ് വിവരം. ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാതെ വന്നതോടെ മാതാപിതാക്കൾ കുട്ടിയെ അന്വേഷിച്ചു നഴ്സിങ് സ്റ്റേഷനിൽ എത്തുകയായിരുന്നു. എന്നാൽ കുഞ്ഞിനെ തങ്ങൾ വാങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളമുണ്ടാക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
മാതാപിതാക്കൾ നൽകിയ അടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് സ്ത്രീയെയും കുഞ്ഞിനേയും ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിനടുത്ത് കണ്ടെത്തിയത്. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. കസ്റ്റഡിയിലുള്ള സ്ത്രീയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.