കോഴിക്കോട്: പള്ളിവരാന്തയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ പൊലീസ് ആശുപത്രിയിലേക്കു മാറ്റി. കോഴിക്കോട് തിരുവച്ചിറയിലെ പള്ളിവരാന്തയിലാണു നാലുദിവസം പ്രായമായ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ഇന്നു രാവിലെ എട്ടരയോടെയാണു സംഭവം.
പള്ളിയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മദ്രസയില്‍ രാവിലെയെത്തിയ വിദ്യാര്‍ഥികളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. ഇവരില്‍നിന്നു വിവരമറിഞ്ഞ പരിസരവാസികള്‍ പൊലീസിനെ വിളിക്കുകയായിരുന്നു. പന്നിയങ്കര പൊലീസ് സ്ഥലത്തെത്തി പിങ്ക് പോലീസിന്റെ സഹായത്തോടെ കുഞ്ഞിനെ പരിചരണത്തിനായി കോട്ടപ്പറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്കുമാറ്റി.
ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ പൊലീസ് ആശുപത്രിയിലേക്കു മാറ്റി pic.twitter.com/DJ6DLZGLXN
— IE Malayalam (@IeMalayalam) October 28, 2019
ശിശുക്ഷേമസമിതിയുടെ മേല്‍നോട്ടത്തിലാണു കുഞ്ഞിനെ ആശുപത്രിയില്‍ പരിചരിക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തിലെ ഏതെങ്കിലും കെയര്‍ഹോമിലേക്കു മാറ്റും. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പന്നിയങ്കര പൊലീസ് കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമമാരംഭിച്ചു.
കുട്ടിയോടൊപ്പം ഉപേക്ഷിച്ചവരുടെ കത്തും കണ്ടെത്തി. കുട്ടിയെ സ്വീകരിക്കണം, ഇഷ്ടമുള്ള പേരു നല്‍കി വളര്‍ത്തണം എന്നാണ് കത്തില്‍ പറയുന്നത്. കുട്ടിയ്ക്ക് വാക്സിനുകള്‍ നല്‍കണമെന്നും കത്തില്‍ പറയുന്നുണ്ട്.
പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും ഫലം കണ്ടില്ല. അടുത്തിടെ പ്രസവിച്ചരെ കണ്ടെത്താന്‍ നഗരത്തിലെ വിവിധ ആശുപത്രിയില്‍നിന്നുള്ള വിവരങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.