തിരുവനന്തപുരം: പാർട്ടിയെ വെട്ടിലാക്കിയ മെഡിക്കല്‍ കോളേജ് കോഴവിവാദത്തിന് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തിന് തലവേദനയായി കൂടുതല്‍ അഴിമതിയാരോപണങ്ങള്‍ വരാനിരിക്കുന്നതായി റിപ്പോർട്ടുകൾ. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ബിജെപിയില്‍ ആരോപണമുയര്‍ന്നിരുന്നു. വിഷയത്തില്‍ അന്വേഷണക്കമ്മീഷനെ നിശ്ചയിക്കുന്ന കാര്യം സംസ്ഥാനസമിതിയോഗം തീരുമാനിക്കുമെന്നാണ് നേതാക്കള്‍ തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗത്തില്‍ അറിയിച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍, സ്ഥലംമാറ്റങ്ങള്‍, കേന്ദ്രപദ്ധതികളുടെ നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ടു നടന്ന അഴിമതികളുടെ വിവരങ്ങളും വരുംദിവസങ്ങളില്‍ പുറത്തുവരുമെന്ന് നേതാക്കള്‍തന്നെ സൂചിപ്പിക്കുന്നു.പാര്‍ട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഒരു പ്രമുഖന് ഒരു വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഗവര്‍ണര്‍പദവി വാഗ്ദാനംചെയ്ത് പണം വാങ്ങി, മറ്റൊരു വിവാദവ്യവസായിക്ക് കേന്ദ്രസര്‍ക്കാരില്‍ ഉന്നതപദവി വാഗ്ദാനംചെയ്ത് കോഴവാങ്ങി തുടങ്ങിയ ആരോപണങ്ങള്‍ നേതാക്കള്‍തന്നെ ഉന്നയിക്കുന്നു.

പാര്‍ട്ടിക്കുള്ളില്‍ പാട്ടായെങ്കിലും വിവാദമാകുന്നതിനുമുമ്പ് പലിശസഹിതം പണം മടക്കിനല്‍കി പരാതി പരിഹരിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.വടക്കന്‍ സംസ്ഥാനത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നതപദവിയിലേക്ക് സ്ഥലംമാറ്റം തരപ്പെടുത്താന്‍ അഞ്ചുലക്ഷംരൂപ ഒരു ഇടത്തരം നേതാവ് വാങ്ങിയത് പാര്‍ട്ടി കേന്ദ്രനേതൃത്വം അന്വേഷിച്ചുവരികയാണ്.ശ്രീകാര്യത്തെ കിഴങ്ങുഗവേഷണ കേന്ദ്രത്തില്‍ നിയമനത്തിന് കോഴവാങ്ങിയ നേതാവിനെക്കുറിച്ചുള്ള പരാതിയും കേന്ദ്രനേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.വീടുകള്‍ സന്ദര്‍ശിച്ച് ജനങ്ങളില്‍നിന്ന് ഓരോ രൂപവീതം സ്വീകരിച്ച് പാര്‍ട്ടിഫണ്ട് സ്വരൂപിക്കാന്‍ കേന്ദ്രനേതൃത്വം സംസ്ഥാനഘടകത്തിന് നിര്‍ദേശം നല്‍കിയിരുന്നു. പല ജില്ലകളിലും സമ്പന്നരില്‍നിന്ന് വന്‍തുക സംഭാവന വാങ്ങി പിരിവ് അവസാനിപ്പിച്ചതില്‍ കേന്ദ്രനേതൃത്വത്തിന് പരാതിപോയിട്ടുണ്ട്.

തൃശ്ശൂരില്‍മാത്രമാണ് പിരിവ് കൃത്യമായി നടന്നതെന്ന് ഒരു വിഭാഗം പറയുന്നു. മെഡിക്കല്‍ കോളേജ് കോഴവിവാദത്തില്‍ ഉള്‍പ്പെട്ട ഡല്‍ഹിയിലെ സതീഷ് നായര്‍ എന്ന ഇടനിലക്കാരന്‍ ഒരു ഹിന്ദുസംഘടനയുടെ നേതാവിന്റെ അടുത്ത ബന്ധുവാണ്. ഈ നേതാവിന് അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായുള്ള അടുപ്പം മുതലെടുക്കാനാണ് ആരോപണവിധേയര്‍ ശ്രമിച്ചതെന്നറിയുന്നു. ഒരു വസ്ത്രവ്യാപാരശാല അവിഹിത മാര്‍ഗത്തിലൂടെ സ്വന്തമാക്കിയെന്ന ആരോപണവും ഇപ്പോള്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനു മുന്നിലെത്തിയിട്ടുണ്ട്.

ബിജെപി സംസ്ഥാന നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽകോളേജ് അഴിമതിയെപ്പറ്റി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലറുടെ പരാതിയിലാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയാണ് അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.

മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലർ വാങ്ങിയതായി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നിരുന്നു. വാങ്ങിയ പണം ഡൽഹിയിലേക്കു കുഴൽപ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെൽ കൺവീനർ സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. പാലക്കാട് ചെർപ്പുളശേരിയിൽ കേരള മെഡിക്കൽ കോളജ് എന്ന സ്ഥാപനത്തിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടാൻ രമേശാണു സഹായിച്ചത് എന്നു മനസ്സിലാക്കി തന്റെ വർക്കലയിലുള്ള എസ്ആർ മെഡിക്കൽ കോളജിനായി പണം നൽകി എന്നാണു കോളജ് ഉടമ ആർ.ഷാജി മൊഴി നൽകിയിരിക്കുന്നത്.

പണം നൽകിയതായി ആർ.ഷാജിയും പണം സ്വീകരിച്ചതായി ബിജെപി സഹകരണസെൽ കൺവീനർ ആർ.എസ്.വിനോദും തെളിവെടുപ്പിൽ സമ്മതിച്ചിട്ടുണ്ട്. പണം നൽകിയശേഷം ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നതോടെ ഷാജി ബിജെപി നേതൃത്വത്തിനു പരാതി നൽകിയതാണ് അന്വേഷണത്തിനു വഴിവച്ചത്. ഈ അന്വേഷണ റിപ്പോർട്ടാണ് ചോർന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ