ഗ്രൂപ്പ് കളിയിൽ പരസ്പരം പോരടിച്ച് നിൽക്കുന്ന ബി ജെ പി സംസ്ഥാന ഘടകത്തിലെ സംസ്ഥാന പ്രസിഡന്റായി രണ്ടാമതും ചുമതലയേറ്റിരിക്കുന്ന പി എസ് ശ്രീധരൻ പിളള എന്ന അഭിഭാഷകന് കീഴടക്കേണ്ട ലക്ഷ്യം വളരെ വലുതാണ്. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പ്, 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ്, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയാണ് അദ്ദേഹത്തിന് മുന്നിലെ ലക്ഷ്യങ്ങൾ. അസാധ്യമെന്ന് തോന്നുന്ന ആ ലക്ഷ്യം തനിക്ക് നേടാനാകുമെന്ന ആത്മവിശ്വാസമാണ് ശ്രീധരൻ പിളള പ്രകടിപ്പിക്കുന്നത്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ (2021) കേരളം ഭരിക്കുന്ന പാർട്ടിയായി ബി ജെപി യെ മാറ്റാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ശ്രിധരൻ പിള്ള അഭിപ്രായപ്പെട്ടു. അതിനായി ബി ജെ പിയുടെ അടിത്തറ ശക്തിപ്പെടുത്തുകയും എൻ ഡി എ യെ വികസിപ്പിക്കുകയും ചെയ്യും. പുതിയ മേഖലകളിലേയ്ക്ക് കൂടെ മുന്നണിയെ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിയുടെ മിതവാദമുഖമായി അറിയപ്പെടുന്ന ശ്രീധരൻപിളള 2003-06 കാലഘട്ടത്തിൽ ബി ജെ പി  സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. ആ കാലയളവിൽ 2004 ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ നിന്നും പി ടി ചാക്കായുടെ മകനും ആ​ മണ്ഡലത്തിലെ സിറ്റിങ് എം പിയുമായ പി സി തോമസ് എൻ ഡി എ സ്ഥാനാർത്ഥിയായി ജയിച്ചിരുന്നു. ബി ജെ പിക്ക് കേരളത്തിൽ നിന്നും ഇന്നു വരെ ഒരു എം പിയെ പോലും ജയിപ്പിക്കാൻ സാധിച്ചില്ലെങ്കിലും അന്ന് പി സി തോമസ് ജയിച്ചത് എൻ ഡി എ സ്ഥാനാർത്ഥി എന്ന നിലയിലായിരുന്നു.

രണ്ട് മാസത്തോളം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് കിടന്ന ബി ജെപി സംസ്ഥാന ഘടകത്തിൽ ആ സ്ഥാനത്തേയ്ക്ക് രണ്ടാം തവണ ശ്രീധരൻ പിളള നിയമിക്കപ്പെടുന്നത് കഴിഞ്ഞ ആഴ്ചയാണ്. കുമ്മനം രാജശേഖരൻ മിസോറം ഗവർണറായി പോയ സാഹചര്യത്തിലാണ് കേരളത്തിലെ ബി ജെപി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. തുടർന്ന ആർ​ എസ് എസ്സുമായി നടന്ന ദീർഘമായ ചർച്ചകൾക്കൊടുവിലാണ് ശ്രീധരൻ പിളളയെ സംസ്ഥാന പ്രസിഡന്റായി നിയമിക്കാൻ ബി ജെ പി ദേശീയ പ്രസിഡന്റ് അമിത് ഷാ തീരുമാനിച്ചത്. ബി ജെ പി സംസ്ഥാന ഘടകത്തിലെ ഉഗ്രമായ ചേരിപ്പോര് അവസാനിപ്പിക്കാനുളള ശ്രമം കൂടെയാണിത്.

“ഞാനൊരിക്കലും ഒരു പോസ്റ്റിന് വേണ്ടിയും ശ്രമിച്ചിട്ടില്ല, അതിനായി ആരെയും സമീപിച്ചിട്ടുമില്ല. ആദർശാത്മകമായ രാഷ്ടീയമാണ് ഞാൻ പിന്തുടരുന്നത്. പാർട്ടി സംസ്ഥാന പ്രസിഡന്റാകാൻ ആവശ്യപ്പെട്ടു. അതുകൊണ്ട് ഞാൻ അത് സ്വീകരിച്ചു” ശ്രീധരൻ പിളള പറഞ്ഞു.

സി പി എമ്മിന്റെ മസിൽ പവറും മണി പവറും നേരിടുകയും ന്യൂനപക്ഷങ്ങളുടെ ഇടയിലെ ആശങ്കകളെ അകറ്റുകയും ചെയ്യുക ​എന്നതാണ് ബി ജെ പി ക്ക് മുന്നിലുളള വെല്ലുവിളികൾ എന്ന് പിളള അടിവരയിട്ട് പറയുന്നു.

“സി പി എം ഒരു കേഡർ പാർട്ടിയാണ്. അവർക്ക് മസിൽ പവറും മണി പവറും ഉണ്ട്. അവർ എല്ലായ്പ്പോഴും രാഷ്ട്രീയമായും ശാരീരികമായും ഞങ്ങളെ കേരളത്തിൽ നിന്നും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ അത് ധൈര്യത്തോടെ നേരിടുന്നു. നിയമസഭയിൽ പ്രാതിനിധ്യം കുറവാണെങ്കിലും കേരളത്തിൽ​ മികച്ച ആൾബലമുളള​ പാർട്ടിയാണ് ബി ജെ പി. ന്യൂനപക്ഷങ്ങൾ​ പൊതുവേ ബി ജെപിയിൽ ചേരുന്നതിൽ ഭയപ്പെടുന്നു. യു ഡി എഫും എൽ​ ഡി എഫും അവർക്കിടിയിൽ സൃഷ്ടിച്ച ഭയാശങ്കകളാണ് ഇതിന് കാരണം. അതൊഴിവാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം, പാർട്ടിയുടെ അടിസ്ഥാന നയങ്ങളിൽ വിട്ടുവീഴ്ചയില്ലാതെയായിരിക്കും ന്യൂനപക്ഷങ്ങളോടുളള സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്സിന്റെയും യു ഡി എഫിന്റെയും നേതാക്കളെ ബി ജെ പിയിലേയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും ശ്രീധരൻ പിളള വെളിപ്പെടുത്തി.

Read in English: New BJP Kerala chief: No compromise on ideology, strategy is subject to change

“രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ​ രണ്ട് ഘടകങ്ങളുണ്ട്. തത്വധിഷ്ഠിത നിലപാടിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. അതേസമയം, ആശയത്തെ ബാധിക്കാത്ത രീതിയിൽ തന്ത്രപരമായ സമീപനമുണ്ടാകും. തന്ത്രപരമായ സമീപനത്തിലാണ് ശ്രദ്ധയൂന്നാൻ പോകുന്നത്. മുൻ കോൺഗ്രസ്, യു ഡി എഫ് മന്ത്രിമാർ, എൽ​ ഡി എഫ്, യു ഡി എഫ് എന്നീ മുന്നണികളിലെ   സംസ്ഥാന നേതാക്കൾ എന്നിവർ എൻ ഡി എയിൽ ചേരും. ഇതിനായി എല്ലാം റെഡിയാണ്. (ചിരിക്കുന്നു) എനിക്ക് എന്റേതായ ബന്ധങ്ങളുണ്ട്”, ശ്രീധരൻ പിളള അവകാശപ്പെട്ടു.

“ഏറ്റവും മികച്ച സംഘാടകരിലൊരാൾ” എന്ന് അമിത് ഷായെ പ്രശംസിച്ച ശ്രീധരൻ പിളള ത്രിപുര തിരഞ്ഞെടുപ്പ് പ്രചാരണം അതിന് ഉദാഹരണമായി എടുത്തുകാട്ടി.

“2013ലെ തിരഞ്ഞെടുപ്പിൽ രണ്ട് ശതമാനത്തിൽ താഴെ വോട്ടാണ് തങ്ങൾക്ക് ലഭിച്ചത്. ഇന്ന് ത്രിപുര വൻ ഭൂരിപക്ഷത്തോടെ ഞങ്ങൾ ഭരിക്കുന്നു. ഇതെല്ലാം തന്ത്രമാണ്”, അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.