തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിൽപന ശാലകൾക്ക് മുന്നിലുള്ള തിരക്ക് പരിഹരിക്കുന്നതിനായി പുതിയ മാർഗങ്ങൾ സ്വീകരിക്കുമെന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻകൂട്ടി തുകയടച്ച് പെട്ടെന്ന് മദ്യം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ക്യൂ ഏർപ്പെടുത്തുന്നതടക്കമുള്ള നടപടികളാണ് സ്വീകരിക്കുക.
മദ്യവിൽപന സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന വലിയ ക്യൂ സംസ്ഥാനത്ത് വലിയ പ്രശ്നമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടികൾ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്കുള്ള സ്ഥലങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
“മദ്യവിൽപന സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന വലിയ ക്യൂ നമ്മുടെ സംസ്ഥാനത്ത് വലിയ പ്രശ്നമായി തന്നെ മാറിയിട്ടുണ്ട്. അത് ഒഴിവാക്കുന്നതിനായി പ്രത്യേക ക്യൂ ഏർപ്പെടുത്തുന്നുണ്ട്. മുൻകൂട്ടി തുകയടച്ച് പെട്ടെന്ന് മദ്യം കൊടുക്കാൻ പാകത്തിൽ പ്രത്യേക കൗണ്ടർ തുറക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും ചെയ്യും,” മുഖ്യമന്ത്രി പറഞ്ഞു.
തിരക്ക് ഒഴിവാക്കുന്നതിന് ആവശ്യമായ മറ്റ് ശാസ്ത്രീയമായ മാർഗങ്ങളെക്കുറിച്ചും ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: മദ്യഷോപ്പുകൾക്ക് മുന്നിലെ നീണ്ട നിര; ബിവറേജസ് കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
ബെവ്കോ ഔട്ട്ലെറ്റിനു മുന്നിലെ ക്യൂ സംബന്ധിച്ച ഹർജിയിൽ ബിവറേജസ് കോർപ്പറേഷനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മദ്യവിൽപ്പനയിലെ ലാഭം മാത്രമാണ് സർക്കാരിന്റെ ഉദ്ദേശ്യമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങളുടെ ആരോഗ്യമാണ് കോടതിയുടെ വിഷയമെന്നും ബിവറേജസ് കോർപ്പറേഷന്റെ കഴിവില്ലായ്മ കോടതിയുടെ വിഷയമല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരാമർശിച്ചു.
തിരക്ക് ഒഴിവാക്കുന്നതിനായി കോർപറേഷൻ എന്ത് നടപടി സ്വീകരിച്ചിരുന്നതെന്നും കോടതി ആരാഞ്ഞിരുന്നു. കോവിഡ് പശ്ചാത്തലിൽ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ തിരക്ക് രോഗവ്യാപനത്തിന് കാരണമാവുന്നുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അയച്ച കത്തിൽ ‘സ്വമേധയാ എടുത്ത കേസിലായിരുന്നു കോടതി വിശദീകരണം തേടിയത്.
Also Read: ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ തിരക്ക്: ഉത്തരവാദികൾക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി
സംസ്ഥാനത്ത് കോവിഡ് നിരക്ക് കുറയുന്നില്ലെന്നും അപ്പോഴാണ് മദ്യഷോപ്പുകൾക്ക് മുന്നിലെ നീണ്ട നിരയെന്നും കോടതി പറഞ്ഞിരുന്നു ക്യൂവിൽ നിൽക്കുന്നവർക്ക് കൊറോണ ഉണ്ടോ ഇല്ലയോ എന്ന് പറയാനാകുമോ എന്നും കോടതി ചോദിച്ചിരുന്നു.