കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പുതിയ ആര്‍ച്ച് ബിഷപ്പ്. സീറോ മലബാര്‍ സഭയുടെ തലവനും കര്‍ദിനാളുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപത മെത്രപ്പൊലീത്ത പദവി ഒഴിയും. പകരം മാര്‍ ആന്റണി കരിയില്‍ സിഎംഐ പുതിയ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേല്‍ക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പുതിയ ആര്‍ച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചത്. നിലവില്‍ മാണ്ഡ്യ രൂപത ബിഷപ്പായി സേവനം ചെയ്യുകയാണ് ആന്റണി കരിയില്‍ സിഎംഐ. സീറോ മലബാര്‍ സഭയുടെ സിനഡിലാണ് തീരുമാനം. വിക്ടര്‍ ആര്‍ച്ച് ബിഷപ് എന്ന പേരിലാണ് പുതിയ മെത്രാന് അറിയപ്പെടുക.

സസ്പെൻഷനിലായിരുന്ന എറണാകുളം-അങ്കമാലി അതിരൂപത മുൻ സഹായമെത്രാൻമാർ മാർ ജോസഫ് പുത്തൻവീട്ടിൽ, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നിവർക്ക് പുതിയ ചുമതലകൾ നൽകിയിട്ടുണ്ട്. മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മാണ്ഡ്യ രൂപത ബിഷപ്പായി സ്ഥാനമേൽക്കും. മാർ ജോസഫ് പുത്തൻവീട്ടിൽ ഫരീദാബാദ് രൂപത സഹായമെത്രാനായി ചുമതലയേൽക്കും.
രണ്ട് ആഴ്ചയായി നടക്കുന്ന സിനഡിലാണ് സുപ്രധാന തീരുമാനം. വത്തിക്കാന്റെ അനുമതിയോടെയാണ് പ്രഖ്യാപനം നടന്നത്. ആലപ്പുഴ ചേർത്തല സ്വദേശിയായ മാർ ആന്റണി കരിയിൽ സിഎംഐ സന്യാസ സഭാംഗമാണ്. സിഎംഐ സഭയുടെ പ്രിയോർ ജനറൽ ആയിരുന്നു. കളമശേരി രാജഗിരി കോളജ് പ്രിൻസിപ്പൽ, രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. 2015 ഒക്ടോബറിലാണ് അദ്ദേഹം കർണാടകയിലെ മാണ്ഡ്യ രൂപതയുടെ ബിഷപ് ആയി നിയമിതനായത്.
എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു അഡ്മിസ്ട്രേറ്റീവ് ബിഷപ്പിനെ നിയമിക്കാൻ ഈ വർഷം ആദ്യം ചേർന്ന സിനഡ് യോഗം തീരുമാനിച്ചിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ രണ്ടാഴ്ചയായി നടന്നുവന്ന സിനഡ് വിശദമായി ചർച്ച ചെയ്തിരുന്നു. ഇതിന്റെ പരിഹാരവുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവനയും സിനഡ് മെത്രാൻമാർ പുറത്തിറക്കിയിട്ടുണ്ട്.
നേരത്തെ തന്നെ പുതിയ ബിഷപ് വേണമെന്ന ആവശ്യം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഉന്നയിച്ചിരുന്നു. കർദിനാൾ ജോർജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപത അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നിൽക്കണമെന്നും പകരം സ്വതന്ത്ര ചുമതലയുള്ള പുതിയ അധ്യക്ഷനെ നിയമിക്കണമെന്നും അതിരൂപതയിലെ ഒരു വിഭാഗം വൈദികർ ആവശ്യപ്പെട്ടിരുന്നു.