കൊച്ചി: സിറോ മലബാർ സഭയിൽ പുതിയതായി അങ്കമാലി, കുറവിലങ്ങാട് എന്നിങ്ങനെ രണ്ടു രൂപതകൾ കൂടി കേരളത്തിൽ അനുവദിക്കും. എറണാകുളം-അങ്കമാലി അതിരൂപത പിരിഞ്ഞ് അങ്കമാലി ഇനി മുതൽ പുതിയ രൂപതയാകും. പാലാ, ചങ്ങനാശ്ശേരി, എറണാകുളം രൂപതകൾ വിഭജിച്ചു കുറവിലങ്ങാടും പുതിയ രൂപതയാവും. കുറവിലങ്ങാട് ആയിരിക്കും ആദ്യം രൂപതയായി പ്രഖ്യാപിക്കുക. ഭരണ സൗകര്യാർത്ഥം ആണ് രൂപതകൾ വിഭജിക്കാൻ തീരുമാനമായത്. മാത്രമല്ല കുറവിലങ്ങാടിന്റെ ചരിത്ര പ്രാധാന്യം കൂടി കണക്കിലെടുത്താണ് പുതിയ രൂപതയാക്കുന്നത്.

അടുത്ത വർഷം കുറവിലങ്ങാട് മുത്തിയുടെ തിരുനാളോട് കൂടി കുറവിലങ്ങാട് ഫൊറോനായും അതിനു ശേഷം അങ്കമാലി ബസിലിക്കയും രൂപത ആസ്ഥാനങ്ങളായി പ്രഖ്യാപിക്കും. അങ്കമാലി രൂപത 2019ൽ ആയിരിക്കും സ്ഥാപിതമാകുക. നിലവിലെ എറണാകുളം-അങ്കമാലി അതിരൂപത മെത്രാൻ കർദിനാൾ ജോർജ് ആലഞ്ചേരി അങ്കമാലി രൂപത അധ്യക്ഷനാവും. എറണാകുളം രൂപതയ്‌ക്ക് പുതിയ മെത്രാപ്പൊലീത്തയാവും ഉണ്ടാവുക. പുതിയ കുറവിലങ്ങാട് രൂപതയുടെ മെത്രാൻ സ്ഥാനത്തേക്ക് ഫാ.മാണി പുതിയിടം, ഫാ.ജോസഫ് മലേപ്പറമ്പിൽ എന്നിവരെയാണ് പരിഗണിക്കുന്നത്.

പാലാ രൂപതയിൽ കുറവിലങ്ങാട്, കടുത്തുരുത്തി, ഇലഞ്ഞി, മുട്ടുചിറ, കോതനല്ലൂർ ഫൊറോനകൾ പുതിയ കുറവിലങ്ങാട് രൂപതയിൽ പെടും . അതുപോലെ ചങ്ങനാശേരി അതിരൂപതയിൽ നിന്നും അതിരമ്പുഴ, കുടമാളൂർ ഫൊറോനകളും കുറവിലങ്ങാട് രൂപതയിൽ ഉൾകൊള്ളിച്ചേക്കും. എറണാകുളം അതിരൂപതയിൽ നിന്നും വൈക്കം ഫൊറോനയും പടിഞ്ഞാറൻ പ്രദേശങ്ങളിലെ പള്ളികളും കുറവിലങ്ങാട് രൂപതയ്‌ക്ക് വിട്ടു നൽകും. അങ്കമാലി രൂപതയ്‌ക്ക് എറണാകുളം രൂപതയുടേയും കോതമംഗലത്തിന്റെയും ഭാഗങ്ങൾ വിട്ട് നൽകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ