തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റൊരു വിമാനത്താവളം കൂടി വരുന്നു. നിലവില്‍ തിരുവനന്തപുരത്തുള്ള അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പകരമായാകും പുതിയ വിമാനത്താവളം ആരംഭിക്കുക. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ തുടര്‍വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിലും മറ്റും ഉള്ള ബുദ്ധിമുട്ടാണ് നഗര പ്രദേശത്തിനു പുറത്തായി പുതിയൊരു വിമാനത്താവളം ആരംഭിക്കുകയെന്ന ആലോചനയിലേക്കെത്തുന്നതെന്ന് ദ്‌ ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരള- തമിഴ്‌നാട്‌ അതിര്‍ത്തി പ്രദേശത്തുള്ള പാറശാല, തിരുവനന്തപുരം- കൊല്ലം അതിര്‍ത്തിയിലുള്ള നാവായിക്കുളം, കാട്ടാക്കട എന്നീ സ്ഥലങ്ങള്‍ക്കാണ് മുന്‍ഗണന ലഭിക്കുന്നത്. ഏതാണ്ട് 80 ഹെക്ടര്‍ ഭൂമിയാണ്‌ ഇതിനായി വേണ്ടിവരിക. ഭൂമി ഏറ്റെടുക്കുന്നതിലെ എളുപ്പം നോക്കിയാകും വിമാനത്താവളത്തിന്‍റെ സ്ഥലം തീരുമാനിക്കുക.

ട്രിവാന്‍ഡ്രം അജണ്ടാ ടാസ്ക് ഫോഴ്സ്, ചേംബര്‍ ഓഫ് കൊമേഴ്സ്‌ എന്നിവരാണ് നഗരപരിധിക്ക് പുറത്ത് പുതിയ വിമാനത്താവളം എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ഭൂമി ഏറ്റെടുക്കുകയെന്ന ബാലികേറാമലയ്ക്ക് പുറമേ വിമാനകമ്പനികള്‍, വ്യവസായികള്‍, എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) എന്നിവര്‍ അഭിമുഖീകരിക്കുന്ന ധാരാളം ബുദ്ധിമുട്ടുകളും ഇത്തരമൊരു തീരുമാനത്തിന് വഴിയൊരുക്കി. ഇതേക്കുറിച്ച് തീരുമാനിക്കാന്‍ നടന്നൊരു യോഗത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധ്യക്ഷന്‍ ഗുരുപ്രസാദ് മോഹപത്രയും പങ്കെടുത്തു.

സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയാണ് എങ്കില്‍ ഇക്കാര്യത്തില്‍ അവസാന തീരുമാനം എഎഐയുടേതാണ്. വിഴിഞ്ഞം തുറമുഖത്ത് എത്തിചേരുവാനുള്ള ഗതാഗത സൗകര്യങ്ങള്‍ പരിഗണിച്ച് വിമാനത്താവളം പാറശാലയില്‍ കൊണ്ടുവരാനാണ് കൂടുതല്‍ സാധ്യത. നെയ്യാറ്റിന്‍കരയുമായി ബന്ധിപ്പിക്കുന്ന നാല് വരി പാത, മെട്രോ റെയില്‍ പദ്ധതി എന്നിവയാണ് പാറശാലയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. കന്യാകുമാരിയിലേക്ക് എത്തിപ്പെടുന്നതിലുള്ള സൗകര്യവും പാരശാലയ്ക്ക് മുന്‍ഗണന നല്‍കുന്ന മറ്റൊരു ഘടകമാണ്.

നഗര പരിതിയില്‍ നിന്നും വിട്ടുമാറി മറ്റൊരു വിമാനത്താവളം എന്ന ആശയത്തോട് അനുകൂലമായ സമീപനമാണ് എഎഐക്കുള്ളത് എന്നാണ് ചേംബര്‍ അധ്യക്ഷന്‍ എസ്.ആര്‍.രഘുചന്ദ്രന്‍ നായര്‍ ദ് ഹിന്ദുവിനോട് പറഞ്ഞത്. എന്നാല്‍ ഭൂമിയേറ്റെടുക്കുന്നതിന്റെ ചെലവ് ഏറ്റെടുക്കേണ്ടി വരിക സംസ്ഥാന സര്‍ക്കാര്‍ ആകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ