scorecardresearch

Local Body Election 2025: തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയതായി 1501 വാർഡുകൾ, ആർക്ക് അനുകൂലം ?

പുതിയ വാർഡുകൾ നിലവിൽ വന്നതിനെ ഒരേ സമയം ആകാംക്ഷയോടെയും ചെറിയ ആശങ്കയോടെയുമാണ് മൂന്ന് മുന്നണികളും നോക്കികാണുന്നത്

പുതിയ വാർഡുകൾ നിലവിൽ വന്നതിനെ ഒരേ സമയം ആകാംക്ഷയോടെയും ചെറിയ ആശങ്കയോടെയുമാണ് മൂന്ന് മുന്നണികളും നോക്കികാണുന്നത്

author-image
Lijo T George
New Update
Palakkad Election

പുതിയതായി 1501 വാർഡുകൾ, ആർക്ക് അനുകൂലം ?

കൊച്ചി: ചുണ്ടിനും കപ്പിനുമിടയിൽ മുന്നണികൾക്ക് ഭരണം നഷ്ടപ്പെട്ട നിരവധി പഞ്ചായത്തുകളെ 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രധാന കാഴ്ചയായിരുന്നു. തുല്യബലാബലത്തിൽ തൂക്കുഭരണത്തിലായ തദ്ദേശസ്ഥാപനങ്ങളുടെ ചിത്രങ്ങളും പോയകാലത്തെ സ്ഥിരം സാന്നിധ്യമായിരുന്നു.ഒരു വാർഡ് കൂടി ഉണ്ടായിരുന്നെങ്കിൽ ഭരണം നിലനിർത്താമെന്ന് ആഗ്രഹിച്ചിരുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ആശ്വാസമാണ് പുതിയതായി രൂപവത്കരിച്ച 1501 വാർഡുകൾ. എന്നാൽ പുതിയ വാർഡുകൾ ആർക്ക് ഗുണം ചെയ്യുമെന്ന് അറിയാൻ തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കണം. 

Advertisment

ഗ്രാമപഞ്ചായത്തുകളിൽ 1375 വാർഡുകൾ

ത്രിതല പഞ്ചായത്തുകളിൽ ഗ്രാമപഞ്ചായത്തുകളിലാണ് കൂടുതൽ വാർഡുകൾ പുതിയതായി രൂപവത്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത്് ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിലായി മൊത്തം 1375 വാർഡുകൾ പുതിയതായി സൃഷ്ടിക്കപ്പെട്ടു. 2020 ൽ ആകെ സംസ്ഥാനത്താകെ 15962 വാർഡുകളിലേക്കുള്ള പഞ്ചായത്ത് മെമ്പർമാരെ തിരഞ്ഞെടുക്കാനാണ് മത്സരം നടന്നതെങ്കിൽ ഇത്തവണ തെരഞ്ഞെടുപ്പ് 17337 ഗ്രാമ പഞ്ചായത്തംഗങ്ങളെ കണ്ടെത്താനാണ്.

Also Read:തദ്ദേശപ്പോരിലേക്ക് കേരളം; സർവ്വ സന്നാഹവുമായി മുന്നണികൾ, ഇക്കുറി തീപാറും

ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെ ഒരിടത്ത് മാത്രമാണ് പുതിയ വാർഡ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പാലക്കാട് ജില്ലയിലാണ് പുതിയ വാർഡ് രൂപവ്തകരിച്ചത്. അതേസമയം ജില്ലാ പഞ്ചായത്തുകളിൽ സീറ്റുകൾ പുതിയതായി സൃഷ്ടിച്ചട്ടില്ല. 

Advertisment

വാർഡുകൾ കൂടുതൽ മലപ്പുറം ജില്ലയിൽ 

ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ ഏറ്റവും വലിയ വർധന ഉണ്ടായിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. 94 പഞ്ചായത്തുകളുള്ള മലപ്പുറത്ത് 223 വാർഡുകളാണ് പുതിയതായി വന്നത്. പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ആകെ 88 ഗ്രാമ പഞ്ചായത്തുകളുള്ള ജില്ലയിൽ 146 ഗ്രാമ പഞ്ചായത്ത് വാർഡുകളാണ് പുതിയതായി വരുന്നത്. പാലക്കാട് കഴിഞ്ഞാൽ വാർഡുകൾ ഏറ്റവുമധികം കൂടിയത് തൃശൂരിലാണ്. 86 പഞ്ചായത്തുകളുള്ള തൃശൂരിൽ 136 വാർഡുകൾ പുതിയതായി രൂപവത്കരിച്ചു. 82 പഞ്ചായത്തുകളുള്ള എറണാകുളത്തും 129 വാർഡുകൾ കൂടി.

Also Read:തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി, വോട്ടെണ്ണൽ ഡിസംബർ 13 ന്

വടക്കൻ കേരളത്തിൽ 71 ഗ്രാമ പഞ്ചായത്തുകളുള്ള കണ്ണൂരിൽ 105 വാർഡുകളും 70 പഞ്ചായത്തുകളുള്ള കോഴിക്കോട്ട് 117 വാർഡുകളും അധികമായി സൃഷ്ടിക്കപ്പെട്ടു. തിരുവനന്തപുരത്ത് 87ഉം കൊല്ലത്ത് 80ഉം ആലപ്പുഴയിൽ 84ഉം കോട്ടയത്ത് 83ഉം വാർഡുകൾ കൂടി. വയനാട് 37, ഇടുക്കി 42, പത്തനംതിട്ട 45, കാസർകോട് 61 എന്നിങ്ങനെയാണ് പുതിയതായി വന്ന ഗ്രാമ പഞ്ചായത്ത് വാർഡുകളുടെ എണ്ണം.

നഗരസഭകളിൽ ഏറ്റവുമധികം വാർഡുകൾ കൂടിയത് മലപ്പുറത്താണ്. മലപ്പുറത്തെ 12 നഗരസഭകളിലായി 26 വാർഡുകൾ അധികമായി വന്നു. 13 നഗരസഭകളുള്ള എറണാകുളത്തും 26 വാർഡുകൾ പുതുതായി രൂപം കൊണ്ടു. തൃശൂർ 12, പാലക്കാട് ഒൻപത്, കോഴിക്കോട് എട്ട്, കാസർകോട് ഏഴ്, തിരുവനന്തപുരം ഏഴ് എന്നിങ്ങനെയാണ് പുതുതായി സൃഷ്ടിക്കപ്പെട്ട നഗരസഭാ വാർഡുകളുടെ ജില്ല തിരിച്ചുള്ള കണക്ക്. അതേ സമയം ഒൻപത് നഗരസഭകളുള്ള കണ്ണൂരിൽ വാർഡുകളുടെ എണ്ണത്തിൽ മാറ്റമുണ്ടായില്ല.

കോർപ്പറേഷനിൽ കൊച്ചി

സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ എറണാകുളത്തിനാണ് രണ്ട് വാർഡുകളുടെ വർധന ഉണ്ടായിരിക്കുന്നത്. മറ്റെല്ലാ കോർപ്പറേഷനുകളിലും ഓരോ കൗൺസിലർമാർ കൂടി അധികമായെത്തും. തിരുവനന്തപുരം കോർപ്പറേഷനിലെ സീറ്റുകൾ നിലവിലെ നൂറിൽ നിന്ന് നൂറ്റൊന്നാകും. 

കൊല്ലം കോർപ്പറേഷനിലും തൃശൂർ കോർപ്പറേഷനിലും കണ്ണൂർ കോർപ്പറേഷനിലും സീറ്റുകൾ 55 ൽ നിന്ന് 56 വീതമാകും. കോഴിക്കോട് കോർപ്പറേഷനിലെ സീറ്റുകൾ നിലവിലെ 75 ൽ നിന്ന് 76 ആകും. എറണാകുളത്തെ സീറ്റുകൾ നിലവിലെ 74 ൽ നിന്ന് 76 ആകും.

നേട്ടം ആര് ഉണ്ടാക്കും

പുതിയ വാർഡുകൾ വന്നതിൽ രാഷ്ട്രീയ പാർട്ടികൾക്ക് ആശ്വാസമുണ്ടെങ്കിലും മൂന്ന്് പ്രധാന മുന്നണികളിലും ആശങ്കയും നിലനിൽക്കുന്നു. വാർഡ് വിഭജനത്തിൽ അപാകതകളുണ്ടെന്ന് ആരോപണവുമായി യുഡിഎഫ് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

Also Read:തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർമാർക്ക് സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും

എൽഡിഎഫിന് അനുകൂലമായ തരത്തിലാണ് വാർഡ് വിഭജനം ഉണ്ടായതെന്നാണ് പ്രധാന വിമർശനം. വാർഡ് വിഭജനത്തിലും വോട്ടർപട്ടിക രൂപീകരണത്തിലും അപാകതകളുണ്ടായെന്നും തദ്ദേശ സ്ഥാപനങ്ങളുടെ വികസനം തടഞ്ഞ സർക്കാരിന് ജനങ്ങൾ ചുട്ടമറുപടി നൽകുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. എന്നാൽ മലപ്പുറം ഉൾപ്പടെ തങ്ങൾക്ക് മേൽക്കൈ ഉള്ള പ്രദേശത്തെ പുതിയ വാർഡുകൾ ഗുണമാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നുണ്ട്. 

പുതിയ വാർഡുകൾ തങ്ങൾക്ക് നേട്ടമാകുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. എന്നാൽ അവസാന നിമിഷങ്ങളിലെ അടിയൊഴുക്കുകൾ ചുണ്ടിനും കപ്പിനുമിടയിൽ ഭരണം നഷ്ടമാകാൻ കാരണമാകുമോയെന്ന് എൽഡിഎഫ് ക്യാമ്പിലും ആശങ്ക നിലനിൽക്കുന്നുണ്ട്. വാർഡ് വിഭജനത്തിൽ ബിജെപിയും ഇതിനോടകം വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്തായാലും 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പുതിയ വാർഡുകൾ നിർണായകമാകുമെന്ന് കാര്യത്തിൽ തർക്കമില്ല.

Read More: കെ ജയകുമാർ തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്; കെ രാജു ബോർഡ് അംഗം

Kerala Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: