തിരുവനന്തപുരം: ദരിദ്രർക്കു ചികിത്സാസഹായം നൽകുന്ന കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി നിർത്തലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മറിച്ചു വരുന്ന ചില വാർത്തകൾ അവാസ്തവമാണെന്നും ധനമന്ത്രി തോമസ് ഐസക്ക്. ചില വാർത്തകളിൽ കാണുന്നതുപോലെ ഈ പദ്ധതിയെ സ്വാഭാവികമരണത്തിനു വിട്ടുകൊടുക്കേണ്ട സാഹചര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നടപ്പുവർഷം ഡിസംബർ 31 വരെ 29,270 രോഗികൾക്കായി 389 കോടി രൂപ കാരുണ്യ ധനസഹായം അനുവദിച്ചു. 2017 ഫെബ്രുവരി 9 ന് ധനവകുപ്പ് കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് 100 കോടി രൂപകൂടി അനുവദിക്കുകയുണ്ടായി. ഇതടക്കം ബജറ്റിൽ വകയിരുത്തിയ 250 കോടിയും കൈമാറിയിട്ടുണ്ട്. ഇനി കൊടുക്കുവാനുളളത് 139 കോടി രൂപയാണ്. അതിനു മാർച്ച് 31 വരെ സമയമുണ്ട്.

പക്ഷേ, അഞ്ചുവർഷക്കാലത്തെ യുഡിഎഫ് ഭരണത്തിൻകീഴിൽ കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് ആകെ നൽകിയത് 775 കോടി രൂപയാണ്. ഒരു വർഷംപോലും ബജറ്റിൽ വകയിരുത്തിയതിനെക്കാൾ കൂടുതൽ പണം കാരുണ്യയ്ക്ക് അനുവദിച്ചിട്ടില്ല. അതുകൊണ്ട് യുഡിഎഫ് ഭരണം അവസാനിക്കുമ്പോൾ കാരുണ്യഫണ്ടിലേക്ക് 391 കോടിരൂപ കൊടുക്കാൻ ബാക്കിയുണ്ടായിരുന്നു.

കാരുണ്യ പദ്ധതിയെ മന്ത്രിയുടെയും സർക്കാരിന്റെയും ഔദാര്യം പോലെയാണ് മുൻസർക്കാർ കണ്ടിരുന്നത്. എന്നാൽ, ആ നില മാറ്റി അത് പൗരരുടെ അവകാശമാക്കി മാറ്റുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തതെന്നും തോമസ് ഐസക്ക് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ