കൊച്ചി: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ ഇത് ആദ്യമായല്ല പ്രക്ഷുബ്ധമായ കടലില്‍ അന്നത്തെ അന്നത്തിനായി ബോട്ടിറക്കുന്നത്. എന്നാല്‍ ഓഖി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ തിരമാല തങ്ങള്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ഭീകരമായിരുന്നെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. നിലവില്‍ 450ഓളം പേരെ കരയില്‍ സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രിയില്‍ കഴിയുന്ന മിക്കവര്‍ക്കും മരണത്തെ മുഖാമുഖം കണ്ടതിന്റെ ഞെട്ടല്‍ മാറിയിട്ടില്ല.

ആകാശം മാത്രം കാഴ്ച്ചയായ നടുക്കടലില്‍ വെച്ച് രക്ഷാപ്രവത്തകരുടെ ബോട്ട് തങ്ങളുടെ നിലവിളി കേള്‍ക്കാതെ കാഴ്ച്ചയില്‍ നിന്ന് മറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ നിലച്ചത് പോലെ തോന്നിയതായി പൂന്തുറയില്‍ നിന്നുളള മത്സ്യത്തൊഴിലാളി സ്റ്റീഫന്‍ പറഞ്ഞു. ‘ഇത് ആദ്യമായാണ് ഞങ്ങള്‍ ഇത്രയും ഭീമാകാരമായ തിരകളും കോപം കൊണ്ട കടലിനേയും കാണുന്നത്. എന്നാല്‍ ഭാഗ്യവശാല്‍ അല്‍പം കഴിഞ്ഞ് രക്ഷാപ്രവര്‍ത്തകരുടെ ബോട്ട് തിരികെ എത്തി ഞങ്ങളെ രക്ഷപ്പെടുത്തി’, സ്റ്റീഫനെ ഇപ്പോള്‍ മട്ടാഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രക്ഷപ്പെട്ട ഭൂരിഭാഗം മത്സ്യത്തൊഴിലാളികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. സിനിമയില്‍ പോലും ഇത്ര ഭീമന്‍ തിരകള്‍ കണ്ടിട്ടില്ലെന്നാണ് കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ നിന്നുളള മത്സ്യത്തൊഴിലാളിയായ ടിറ്റസ് പറഞ്ഞത്. കാറ്റില്‍ ബോട്ട് മറിഞ്ഞതോടെ തടിയിലും ബോട്ടിലും പിടിച്ചു നിന്നാണ് മിക്കവരും രക്ഷപ്പെട്ടത്. രക്ഷാപ്രവര്‍ത്തകര്‍ എത്തും വരെ ഇവര്‍ മനക്കരുത്തോടെ പിടിച്ചു നില്‍ക്കുകയായിരുന്നു.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പ് മത്സ്യബന്ധനത്തിന് പോയവരാണ് ആഴക്കടലില്‍ പെട്ടുപോയതില്‍ ഭൂരിഭാഗവും. കാറ്റിനും മഴയ്ക്കും നേരിയ ശമനം ഉണ്ടെങ്കിലും കടല്‍ പ്രക്ഷുബ്ധമാണ്. അതുകൊണ്ടു തന്നെ തീരദേശ മേഖലകളില്‍ കര്‍ശന സുരക്ഷാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കടല്‍ ക്ഷോഭം നിലനില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

കൊച്ചി ചെല്ലാനം ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീട്ടിലേക്ക് പോയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ചെല്ലാനം ചാണിപറമ്പിൽ ജോസഫ് റെക്‌സൺ(40) ആണ് ഇന്ന് രാവിലെ മരിച്ചത്. ക്യാമ്പിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാൾ അവിടെ ഡോക്ടർ ഇല്ലാത്തതിനെ തുടർന്ന് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് മരണം സംഭവിച്ചത്. ക്യാമ്പിൽ സ്ഥിരമായി ഒരു ഡോക്ടർ വേണമെന്നാണ് ചട്ടമെങ്കിലും ഒരു ലേഡി ഡോക്ടർ ഉള്ളത് വന്നും പോയുമാണിരിക്കുന്നത്. ഇയാളുടെ മൃതദേഹം കണ്ണമാലി സെന്റ്.ജോസഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തോപ്പുംപടി ഹാർബറിൽ നിന്ന് പുറംകടലിലേക്ക് പോയ 10 ഗില്ലെറ്റ് ബോട്ടുകൾ ഇന്ന് രാവിലെയോടെ തിരിച്ചെത്തി. 70 ബോട്ടുകൾ മലപ്പ ഹാർബറിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലം ഭാഗത്ത് ഒരു ബോട്ടും ഒരു വള്ളവും മുങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ