ഒരമ്മയുടെ കണ്ണീരിനെ പരിഹസിക്കുന്ന വിഷജന്തുക്കളാണ് സിപിഎമ്മിന്റെ ശാപമെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. നെഹ്റു കോളജിൽ സ്ഥാപന കൊലയ്ക്ക് ഇരയായ ജിഷ്ണുവിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന അമ്മ മഹിജയെ പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട പാർട്ടിക്കാരെ പരാമർശിച്ചാണ് ദീപ നിശാന്തിന്റെ പോസ്റ്റ്. ഹോചിമിനെ ഉദ്ധരിച്ച് എഴുതിയിട്ടുളള പോസ്റ്റിൽ നേതൃത്വത്തെയും ദീപ വിമർശിക്കുന്നു.
ജിഷ്ണുവിന്റെ ദുരൂഹ മരണം 90 ദിവസം പിന്നിട്ടപ്പോൾ നീതി തേടി ഡി ജി പി ഓഫീസിലേയ്ക്ക് എത്തിയ അമ്മ മഹിജ, അമ്മാവൻ ശ്രീജിത്ത് അടക്കമുളള കുടുംബാംഗങ്ങളെ പൊലീസ് മർദ്ദിക്കുകയും റോഡിൽ വലിച്ചിഴയ്ക്കുകയും ചെയ്തു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച മഹിജയും ശ്രീജിത്തും നിരാഹാര സമരം നടത്തുകയാണ്. അമ്മയ്ക്കും അമ്മാനും സഹോദരനും നീതി ലഭ്യമാക്കണെന്നാവശ്യപ്പെട്ട് മഹിജയുടെ മകൾ അവിഷ്ണ നാല് ദിവസമായി കോഴിക്കോട് വളയത്തെ വീട്ടിൽ നിരാഹാര സമരത്തിലാണ്.
പൊലീസ് നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം കേരളത്തിലുയരുമ്പോഴാണ് മഹജിയെ അധിക്ഷേപ്പിക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. രണഭൂമി കളനാട് മാങ്ങാട് ഉദുമ എന്ന പേരിലുളള പോസ്റ്റിൽ മികച്ച നടിക്കുളള അവാർഡ് മഹിജയ്ക്കാണ് നൽകേണ്ടിയിരുന്നത് എന്ന പോസ്റ്റിനോടാണ് ദീപാ നിശാന്തിന്റെ പ്രതികരണം.
ദീപാനിശാന്ത് എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് പൂർണരൂപം
“ആദ്യം കരുതിയത് ഇടതുപക്ഷവിരുദ്ധനായ ആരോ ഒരാൾ തന്ത്രപൂർവ്വം ഉണ്ടാക്കിയ ഫേക്ക് പ്രൊഫൈലായിരിക്കുമെന്നാണ്! ചെന്ന് നോക്കിയപ്പോൾ സഖാവിൻ്റെ ചിത്രമടക്കമുള്ള നല്ല ഒറിജിനലാണ്!!
ഒരമ്മയുടെ കണ്ണുനീരിനെയൊക്കെ ഇങ്ങനെ പരിഹസിക്കുന്ന ഇത്തരം വിഷജന്തുക്കളാണ് പാർട്ടിയുടെ ശാപം!
” ഒരു കമ്യൂണിസ്റ്റിൻ്റെ കയ്യിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം.. ഒന്ന് വർഗ്ഗശത്രുവിന് നേരെയും രണ്ട് വഴിപിഴക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും ” [ ഹോചിമിൻ]”