തിരുവനന്തപുരം : ആചാരലംഘനമുണ്ടായാൽ ശബരിമല ക്ഷേത്രനട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബിജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ല എന്ന് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിനെ അറിയിച്ചു. തന്ത്രി അഭിപ്രായം തേടിയതായി നേരത്തെ പി.എസ്.ശ്രീധരൻപിള്ള വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നൽകാൻ തന്ത്രി കണ്ഠരര് രാജീവരോട് ദേവസ്വം ബോർഡ് കമ്മിഷണർ ആവശ്യപ്പെട്ടത്.

പി.എസ്.ശ്രീധരൻപിള്ള വെളിപ്പെടുത്തൽ തന്ത്രി എഴുതി നൽകിയ വിശദീകരണത്തിലാണ് നിഷേധിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ നടയടയ്ക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് തന്ത്രി തന്നോട് നിയമോപദേശം തേടിയെന്ന ശ്രീധരൻ പിള്ളയുടെ വാദം. കോഴിക്കോട് നടന്ന യുവമോർച്ച യോഗത്തിൽ പ്രസംഗിക്കവെയാണ് ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ.

തന്റെ നിര്‍ദേശപ്രകാരമാണു നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതു രാഷ്ട്രീയ വിവാദമായതിനെത്തുടര്‍ന്നാണു ദേവസ്വം ബോര്‍ഡ് വിശദീകരണം ആവശ്യപ്പെട്ടത്.

അതേ സമയം മണ്ഡല മകരവിളക്ക് കാലം ആരംഭിക്കാനിരിക്കെ ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങളുമായി പൊലീസ്. ശബരിമലയിലേക്ക് എത്തുന്ന എല്ലാ വാഹനങ്ങൾക്കും പാസ് നിർബന്ധമാക്കി. തീർത്ഥാടകർ അവരുടെ സ്വന്തം സ്ഥലത്തെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് വേണം പാസ് വാങ്ങുവാൻ. പൊലീസിന്റെ പാസ് പതിപ്പിക്കാത്ത വാഹനങ്ങൾക്ക് നിലയ്ക്കലിൽ പാർക്കിങ് അനുവദിക്കില്ല. പ്രളയത്തെ തുടര്‍ന്ന് ശബരിമലയിലെ പാര്‍ക്കിങ് പൂർണമായും നിലയ്ക്കലിലേക്ക് മാറ്റിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.