കൊച്ചി: പരസ്പര സഹകരണത്തിന്റെ പാതയിലൂടെയുള്ള നെതര്‍ലാന്‍ഡ്‌സിന്റെയും ഇന്ത്യയുടെയും പ്രയാണം അനുസ്യൂതം തുടരുമെന്നു നെതര്‍ലാന്‍ഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടര്‍. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാജ്ഞി മാക്‌സിമയുമൊത്ത് കൊച്ചിയിലെത്തിയ അദ്ദേഹം മട്ടാഞ്ചേരി ഡച്ച് കൊട്ടാര സന്ദര്‍ശനവേളയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊട്ടാരത്തിലെ സ്വീകരണശാല, കിരീടധാരണശാല, മഹാരാജാക്കന്മാരുടെ ഉറക്കറ, പല്ലക്ക് തുടങ്ങിയവ രാജദമ്പതികള്‍ വീക്ഷിച്ചു. കൊട്ടാരത്തിന്റെ ഘടന, വാസ്തുവിദ്യ, കൊത്തുപണി എന്നിവയില്‍ രാജാവ് വിസ്മയം പ്രകടിപ്പിച്ചു. ഇന്ത്യയും നെതര്‍ലാന്‍ഡ്‌സും: ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ കൊട്ടാരത്തില്‍ നടന്ന സെമിനാറില്‍ ഇരുവരും പങ്കെടുത്തു. കേരളത്തില്‍ ഡച്ച് അധിനിവേശത്തിന്റെ സംഭാവനകള്‍ അടിസ്ഥാനമാക്കി സംസ്ഥാന പുരാവസ്തു വകുപ്പ് തയാറാക്കിയ ഡോക്യുമെന്ററി ഇരുവരും കണ്ടു.

Photo: PRD

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഡച്ചുകാര്‍ തയാറാക്കിയ കേരള ഭൂപടത്തിന്റെ പ്രദര്‍ശനം കൊട്ടാരത്തില്‍ വില്യം രാജാവ് ഉദ്ഘാടനം ചെയ്തു. വ്യാപാര ബന്ധങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളുടെയും കൈവശമുള്ള പുരാരേഖകള്‍ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. കൊട്ടാരത്തിൽ സംസ്ഥാന പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സൗമിനി ജയിന്‍ എന്നിവരുടെ നേതൃത്വത്തിലാണു രാജാവിനെയും രാജ്ഞിയെയും സ്വീകരിച്ചത്.

Read Also: ഡച്ച് രാജാവിന്റെ കൊച്ചി സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം

 

വെല്ലിങ്‌ടൺ ഐലന്‍ഡിലെ താജ് മലബാര്‍ ഹോട്ടലില്‍ വൈകിട്ട് 6.45ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇരുവരും കൂടിക്കാഴ്‌ച നടത്തും. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ക്കായി മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും. നാളെ രാവിലെ 10.15ന് ആലപ്പുഴയിലെത്തുന്ന രാജാവും രാജ്ഞിയും ഹൗസ്ബോട്ട് യാത്ര ആസ്വദിക്കും. കൊച്ചിയില്‍ തിരിച്ചെത്തുന്ന രാജാവ് 12.45ന് താജ് മലബാറില്‍ മാധ്യമങ്ങളുമായി സംസാരിക്കും. വൈകിട്ട് 7.30ന് പ്രത്യേക വിമാനത്തില്‍ ആംസ്റ്റര്‍ഡാമിലേക്ക് മടങ്ങും.

ഉച്ചയ്ക്ക് ഒന്നിനു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഡച്ച് രാജാവ് വില്യം അലക്‌സാണ്ടറെയും രാജ്ഞി മാക്‌സിമയെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പത്‌നി രേഷ്‌മ ആരിഫ് മുഹമ്മദ് ഖാനും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥും ചേർന്ന് സ്വീകരിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാ‌ഥ് ബെ‌ഹ്റ, പൊതുഭരണ വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, എറണാകുളം ജില്ലാ കലക്‌ടർ എസ്.സുഹാസ്, ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക്.കെ.എന്നിവര്‍ സന്നിഹിതരായിരുന്നു.

Photo: PRD

കേരളീയ പരമ്പരാഗത ശൈലിയിലുള്ള വരവേല്‍പ്പാണ് രാജാവിനും രാജ്ഞിക്കും വിമാനത്താവളത്തില്‍ ഒരുക്കിയത്. സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയശേഷം കൊച്ചി വിമാനത്താവളത്തിൽനിന്ന് റോഡ് മാർഗം മട്ടാഞ്ചേരിയിലേക്ക് രാജാവും സംഘവും യാത്ര തിരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നെതര്‍ലാൻഡ്‌സ് സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് രാജാവിന്റെ നേതൃത്വത്തില്‍ ഉന്നതതലസംഘം കേരളത്തിലെത്തുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ കേരളത്തിന്റെ പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളും തുറമുഖ വികസനവും ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാന ആർക്കൈവ്സ് വകുപ്പും നെതർലൻഡ്‌സ് ദേശീയ ആർക്കൈവ്സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ ഇരുപത് മ്യൂസിയങ്ങളും വികസിപ്പിക്കുന്നത് സംബന്ധിച്ചും ധാരണയിലെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.