നെതർലൻഡ്‌സ് രാജാവ് വില്ല്യം അലക്‌സണ്ടറിന്റെയും രാഞ്ജി മാക്സിമയുടെയും കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് വെെകീട്ട് നാല് വരെയും നാളെയും ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഉണ്ടാകും.

ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും

ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് നാലു വരെയും 18ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് രണ്ടു വരെയുമാണ് എറണാകുളം നഗരത്തിലും പശ്ചിമ കൊച്ചി ഭാഗങ്ങളിലും ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് നാലു വരെ കണ്ടെയ്നർ റോഡ്, ബോൾഗാട്ടി ജങ്ഷൻ, എബ്രഹാം മാടമാക്കൽ റോഡ്, ഷൺമുഖം റോഡ്, പാർക്ക് അവന്യൂ റോഡ്, ഡി.എച്ച്. റോഡ്, എം.ജി റോഡ്, തേവര മുതൽ ബി.ഒ.ടി വെസ്റ്റ് വരെ ഓൾഡ് എൻ എച്ച് 47, തോപ്പുംപടി, പി.ടി ജേക്കബ്ബ് റോഡ്, ചുള്ളിക്കൽ, പനയപ്പിള്ളി, പറവാന ജങ്ഷൻ, ജവഹർ റോഡ്, മൗലാനാ ആസാദ് റോഡ്, ഐലൻഡിലെ ഇന്ദിരാ ഗാന്ധി റോഡ് എന്നിവിടങ്ങളിൽ വാഹന ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഉണ്ടാകും.

18ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ഇന്ദിരാഗാന്ധി റോഡ്, സിഫ്റ്റ് ജങ്ഷൻ, കൊച്ചി –മധുര എൻ എച്ച് 966 ബിയിൽ കുണ്ടന്നൂർ ജങ്ഷൻ വരെയും വാഹന ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഉണ്ടാകും.

Read Also: ഇന്ത്യയുമായുള്ള സഹകരണം തുടരുമെന്നു ഡച്ച് രാജാവ്; കേരള സന്ദര്‍ശനത്തിന് തുടക്കം

നാളെ രാവിലെ 10.15ന് ആലപ്പുഴയിലെത്തുന്ന രാജാവും രാജ്ഞിയും ഹൗസ്ബോട്ട് യാത്ര ആസ്വദിക്കും. കൊച്ചിയില്‍ തിരിച്ചെത്തുന്ന രാജാവ് 12.45ന് താജ് മലബാറില്‍ മാധ്യമങ്ങളുമായി സംസാരിക്കും. വൈകിട്ട് 7.30ന് പ്രത്യേക വിമാനത്തില്‍ ആംസ്റ്റര്‍ഡാമിലേക്ക് മടങ്ങും.

പകരം ഈ വഴികൾ

17ന് എറണാകുളം നോർത്ത് ഭാഗത്തുനിന്ന് എം.ജി റോഡ്, മേനക വഴി തേവരയ്ക്ക് പോകേണ്ട ചെറു വാഹനങ്ങൾ ചിറ്റൂർ റോഡ്, എൽ ജേക്കബ് മേൽ പാലം, കടവന്ത്ര വഴിയോ സൗത്ത് മേൽപാലം, പനന്പിള്ളി നഗർ, കസ്തൂർബാ നഗർ വഴിയോ മട്ടുമ്മൽ ജങ്ഷനിലെത്തി തേവര ഫെറി ജങ്ഷൻ വഴി യാത്ര തുടരാം.

മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി ഭാഗങ്ങളിൽനിന്ന് പള്ളൂരുത്തി, ഇടക്കൊച്ചി ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൽ വെളി ജങ്ഷൻ ജൂബിലി ജങ്ഷൻ, സ്റ്റാച്യു ജങ്ഷൻ, കുമാർ പന്പ്, പരിപ്പ് ജങ്ഷൻ, സാന്തോം ജങ്ഷൻ, കെ.വി തോമസ് റോഡ് അഞ്ചലി ജങ്ഷൻ, ഫോർട്ടി ഫീറ്റ് റോഡ്, വാട്ടർ ലാൻഡ് റോഡ് വഴി സഞ്ചരിക്കണം.

മട്ടാഞ്ചേരി ഫോർട്ടുകൊച്ചി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പള്ളൂരുത്തി, കച്ചേരിപ്പടി ജങ്ഷൻ, എംഎൽഎ റോഡ്, ഫോർട്ടി ഫീറ്റ് റോഡ് വഴി സഞ്ചരിക്കണം. ബീച്ച് റോഡ് ഉപയോഗപ്പെടുത്താവുന്നതുമാണ്. ഇടക്കൊച്ചി പള്ളൂരുത്തി ഭാഗത്തുനിന്ന് എറണാകുളം നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് കണ്ണങ്കാട്ട് പാലം വഴി തേവര ഫെറി ജംഗ്ഷനിലെത്തി യാത്ര തുടരാം.

കണ്ടെയ്നർ റോഡ് വഴി മുളവുകാട്,എറണാകുളം, വൈപ്പിൻ, ചേരാനല്ലൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കളമശ്ശേരി, ഇടപ്പളളി, പാലാരിവട്ടം, കലൂർ വഴി പോകണം. എറണാകുളത്തുനിന്ന് പറവൂർ, കൊടുങ്ങല്ലൂർ, ഗുരുവായൂർ, എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ടവർ ആലുവ പറവൂർ കവലയിൽ എത്തി പറവൂർ ഭാഗത്തേക്ക് പോകണം.

വൈപ്പിൻ, മുളവുകാട്, എറണാകുളം ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് പോകേണ്ടവർ, കലൂർ, പാലാരിവട്ടം, ഇടപ്പളളി വഴി പോകണം. എറണാകുളം ഭാഗത്തുനിന്നു പളളുരുത്തി ഇടക്കൊച്ചി ഭാഗങ്ങളിലേക്ക് പോകേണ്ടവർക്കു വൈറ്റില, കുണ്ടന്നൂർ കൊച്ചി മധുര ഹൈവേ വഴി പോകാം.

യാത്രകൾ മുൻകൂട്ടി ക്രമപ്പെടുത്താം

ഗതാഗത നിയന്ത്രണമുള്ള സമയങ്ങളിൽ പ്രസ്തുത റോഡുകൾ ഉപയോഗിക്കേണ്ടവർ യാത്രാ സമയം ക്രമീകരിക്കേണ്ടതാണ്. വിവിഐപികൾ കടന്നുപോകുന്ന റൂട്ടിൽനിന്ന് എയർപോർട്ടിലേക്കും മറ്റു സ്ഥലങ്ങളിലേക്കും സഞ്ചരിക്കേണ്ടവർ യാത്ര മുൻകൂട്ടി ക്രമപ്പെടുത്തണം. പശ്ചിമ കൊച്ചിയിലേക്കുള്ള ചെറു വാഹനങ്ങൾക്ക് വൈപ്പിൻ ജങ്കാർ സർവീസ് ഉപയോഗപ്പെടുത്താം. മേൽപ്പറഞ്ഞ റോഡുകളിലെ വശങ്ങളിൽ താമസിക്കുന്നവർ നിയന്ത്രണങ്ങളുള്ള സമയങ്ങളിൽ അവരവരുടെ വാഹനങ്ങൾ റോഡിലിറക്കാതെ ശ്രദ്ധിക്കേണ്ടതാണെന്നും പൊലീസ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.