തിരുവനന്തപുരം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ നിന്നും പുറത്തുപോയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്. ഇത് സംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനമെടുത്തു. ഉന്നത നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തിയതായി റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ജയരാജന്‍റെ മടങ്ങിവരവിന് അനുവാദം നൽകുമെന്നാണ് വിവരം. അതേസമയം,​ ഇക്കാര്യം പാർട്ടി നേതൃത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

തിങ്കളാഴ്ച എൽഡിഎഫ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ സിപിഎം ഇക്കാര്യം മുന്നണിയിലെ മറ്റ് പാർട്ടികളെ അറിയിക്കും. ഫോണ്‍കെണി കേസിൽ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രൻ മന്ത്രിസഭയിലേക്ക് തിരിച്ചുവന്നിട്ടും ജയരാജനെ മടക്കിക്കൊണ്ടു വരാത്തതിൽ പാർട്ടിയിൽ തന്നെ വിമർശനങ്ങളുണ്ടായിരുന്നു.

ജയരാജനെ കോടതി കുറ്റവിമുക്തനാക്കിയതോടെ മന്ത്രിസഭയിലേക്ക് തിരിച്ചു കൊണ്ടുവരുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ,​ സിപിഐയുടെ എതിർപ്പിനെ തുടർന്ന് ചർച്ചകൾ നീണ്ടില്ല. പിന്നീട് സിപിഐ നേതാക്കളുമായി ആവർത്തിച്ച് ആശയവിനിമയം നടത്തിയതിനെ തുടർന്ന് അവരുടെ എതിർപ്പ് കുറഞ്ഞുവെന്നാണ് സൂചന. ജയരാജനെ മടക്കിക്കൊണ്ടുവന്നാൽ ഒരു മന്ത്രികൂടി സിപിഎമ്മിന് അധികമാകും.

അങ്ങനെയായാൽ തങ്ങൾക്കും ഒരു മന്ത്രിസ്ഥാനം കൂടി വേണമെന്ന് സിപിഐ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ഇത്തരമൊരു വാദഗതി സിപിഐ ഉയർത്തിയതിനാൽ തിങ്കളാഴ്ചത്തെ എൽഡിഎഫ് യോഗത്തിന് മുൻപ് അവരുമായി സിപിഎം പ്രത്യേക ചർച്ച നടത്തും. ജയരാജനെ മടക്കിക്കൊണ്ടു വരുന്നതിന്‍റെ കാരണം സിപിഐയെ ബോധ്യപ്പെടുത്തുക എന്നതാവും ചർച്ചയുടെ ലക്ഷ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.