/indian-express-malayalam/media/media_files/uploads/2018/11/pk-firoz.jpg)
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട മന്ത്രി കെ.ടി. ജലീല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ ബന്ധു ഡി.എസ് നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ അനധികൃതമായി നല്‍കിയ നിയമനം ഉയര്‍ത്തിക്കാട്ടിയാണ് ജലീല്‍ കോടിയേരിയെ ഭീഷണിപ്പെടുത്തിയതെന്നും പി.കെ ഫിറോസ് പറഞ്ഞു.
അഭിമുഖത്തില്‍ അധിക മാര്‍ക്ക് നല്‍കിയാണ് ഡി.എസ്. നീലകണ്ഠനെ നിയമിച്ചതെന്നും പി.കെ ഫിറോസ് ചൂണ്ടിക്കാട്ടി. ബന്ധുനിയമനത്തില്‍ താന്‍ പ്രതിക്കൂട്ടിലായാല്‍ സിപിഎം അതില്‍ കൂടുതല്‍ പ്രതിരോധത്തിലാകുമെന്ന് ജലീല്‍ കൊടിയേരിയെ ധരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് സി.പി.എം ജലീലിനെ സംരക്ഷിക്കാന്‍ തയ്യാറായതെന്നും ഫിറോസ് ആരോപിച്ചു. സിപിഎം. നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരനും സിപിഐ നേതാവുമായ ദാമോദരന്‍ നായരുടെ മകനാണ് ഡി.എസ് നീലകണ്ഠന്‍.
ധനവകുപ്പിന്റെയോ സര്‍ക്കാരിന്റെയോ അനുമതി വാങ്ങാതെയാണ് ഡി.എസ് നീലകണ്ഠനെ നിയമിച്ചതെന്നും എന്നാല്‍ കോടിയേരി ബാലകൃഷ്ണന് ഇക്കാര്യം അറിയാമായിരുന്നുവെന്നും പി.കെ ഫിറോസ് പറഞ്ഞു. കെ.ടി ജലീലിന്റെ അറിവില്ലാതെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന എം.കെ രാഘവനും അന്നത്തെ വകുപ്പ് സെക്രട്ടറിയും ഇപ്പോളത്തെ കോഴിക്കോട് ജില്ലാ കളക്ടറുമായ സാംബറാവു ഐഎഎസും ചേര്‍ന്നാണ് ഈ നിയമനം നടത്തിയതെന്നും ഫിറോസ് ആരോപിച്ചു.
ആദ്യം ഡയറക്ടര്‍ ജനറല്‍ എന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച സമയത്ത്, അന്ന് സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന നീലകണ്ഠന് ഡെപ്യൂട്ടേഷന്‍ ലഭിക്കാത്തതിനാല്‍ അപേക്ഷിക്കാനായില്ലെന്നും പിന്നീട് ഡെപ്യൂട്ടി ഡയറക്ടര്‍ ടെക്നിക്കല്‍ എന്ന തസ്തികയുണ്ടാക്കി പത്രപരസ്യത്തിലൂടെ വീണ്ടും അപേക്ഷ ക്ഷണിച്ചുവെന്നും പി.കെ ഫിറോസ് പറയുന്നു. ഒരു ലക്ഷം രൂപയായിരുന്നു ശമ്പളം. 37 അപേക്ഷകരില്‍ 13 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. സന്തോഷ് മേലക്കളത്തില്‍ എന്നയാളാണ് യോഗ്യതയില്‍ ഒന്നാമതെത്തിയത്. എന്നാല്‍ ഇയാള്‍ക്ക് അഭിമുഖത്തില്‍ മാര്‍ക്ക് കുറച്ച്, നീലകണ്ഠനെ ഒന്നാമതാക്കി നിയമനം നല്‍കി.
സാധാരണ ഒരു വര്‍ഷത്തെ കരാറിനാണ് പോസ്റ്റിലേക്ക് നിയമനം നടത്താറുള്ളതെന്നും എന്നാല്‍ ഇവിടെ നീലകണ്ഠന് അഞ്ചുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നൽകിയതെന്നും പി.കെ. ഫിറോസ് ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us