കോഴിക്കോട്: മന്ത്രി കെ.ടി.ജലീലിനെതിരായ ബന്ധുനിയമന വിവാദത്തിൽ വീണ്ടും ആഞ്ഞടിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഫിറോസ്. ജലീലിനെ പിന്തുണച്ച മന്ത്രി ജയരാജനെ പരിഹസിച്ച് കൊണ്ട് “ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്,” എന്നാണ് ഫിറോസ് പറഞ്ഞത്.

മന്ത്രി പത്രക്കാരോട് ആളെ നൽകാനാണ് പറയുന്നത്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഫിറോസ് പറഞ്ഞു. ഏഴ് അപേക്ഷകരുടെയും യോഗ്യത, പേര് വിവരം എന്നിവ പുറത്തുവിടാൻ മന്ത്രി തയ്യാറുണ്ടോ എന്നും ഫിറോസ് വെല്ലുവിളിച്ചു.

അദീബിന്റെ നിയമനത്തിന് സംസ്ഥാന വിജിലൻസ് വകുപ്പിന്റെ അംഗീകാരമുണ്ടോയെന്ന് വ്യക്തമാക്കണം. മന്ത്രി ജലീൽ രാജിവയ്ക്കുക തന്നെ വേണമെന്നും യൂത്ത് ലീഗ് നേതാവ് ആവശ്യപ്പെട്ടു.

സൗത്ത് ഇന്ത്യൻ ബാങ്ക് സ്റ്റാറ്റ്യൂട്ടറി ബോർഡെന്ന മന്ത്രിയുടെ പ്രസ്താവനയെ ഫിറോസ് തളളി. റിസർവ് ബാങ്ക് പോലുളള സ്ഥാപനങ്ങളാണ് സ്റ്റാറ്റ്യൂട്ടറി ബോർഡിയെന്നും ഫിറോസ് പറഞ്ഞു. രാജിവച്ച് അന്വേഷണത്തെ നേരിടാനുളള ധൈര്യമോ മര്യാദയോ മന്ത്രി കാണിക്കണമെന്നും ഫിറോസ് വ്യക്തമാക്കി.

ആദ്യം അന്വേഷണ ഏജൻസിയെ സമീപിക്കണം, അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി വേണം. ഇതിനാലാണ് കോടതിയിൽ പോകാത്തത്. ഗവർണറെ കാണാൻ അനുമതി ചോദിച്ചിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു. നാളെ യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രി ജലീലിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.