കുട്ടനാട്: നെഹ്റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടയുടെ തീരങ്ങളിൽ ആവേശംതീർക്കും. 67-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഇതോടൊപ്പം തന്നെ ചാമ്പ്യൻസ് ബോട്ട് ലീഗിനും തുടക്കം കുറിക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുൽക്കര്‍ ജലമേളയില്‍ മുഖ്യാതിഥിയായി എത്തുന്നത്. 20 ചുണ്ടന് വള്ളങ്ങള്‍ ഉള്‍പ്പെടെ 79 കളിവള്ളങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്.
രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഉദ്ഘാടന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജലമേള മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 10ന് നടത്തേണ്ടിയിരുന്ന വള്ളംകളി പ്രളയത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. വള്ളംകളിയോട് അനുബന്ധിച്ച് ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ട് വരെ നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും തുടർന്ന് മാസ്ഡ്രില്ലും ഉണ്ടായിരിക്കും.
Also Read: ഐപിഎല്‍ മാതൃകയില്‍ വള്ളംകളി
തുഴച്ചിൽകാരുടെ ആൾമാറാട്ടവും എണ്ണക്കൂടുതലും ഉൾപ്പടെയുള്ള വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തുഴച്ചിൽക്കാർക്ക് വ്യത്യസ്ത നിറത്തിലുള്ള ഹാൻഡ് ബാൻഡ് നൽകും.
വര്‍ഷകാല വിനോദമായി ഐപിഎല്‍ മാതൃകയില്‍ കേരളത്തിലെ ചുണ്ടന് വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ജലോത്സവമാണ് പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍). ലോകമെങ്ങുമറിയപ്പെടുന്നതും എന്നാല്‍ ഏകീകൃതമല്ലാത്തതുമായ തനതു ജലവിനോദമായ ചുണ്ടന് വള്ളംകളിയെ സിബിഎല്ലിലൂടെ കൂടുതല്‍ മികവുറ്റതാക്കാനും ഐപിഎല്‍ മാതൃകയില്‍ വാണിജ്യവത്കരിക്കാനുമുള്ള ടൂറിസം വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് ദേശീയ തലത്തിലുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളുടെയും വിശിഷ്ട വ്യക്തികളുടെയും പങ്കാളിത്തം ഊര്‍ജം പകരും.