ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് നെഹ്‌റുട്രോഫി ജലോല്‍സവം ഉദ്ഘാടനം ചെയ്യുക. ചുണ്ടന്‍ മത്സര ഇനത്തിലും പ്രദര്‍ശന മത്സരത്തിലുമടക്കം 24 വളളങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. നെഹ്‌റുട്രോഫി ജലമേളയ്ക്കായി പുന്നമടയൊരുങ്ങിക്കഴിഞ്ഞു.

രാവിലെ പതിനൊന്നുമണിക്ക് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരങ്ങള്‍ തുടങ്ങും. ഉച്ചതിരിഞ്ഞാണ് ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരങ്ങള്‍. ചെറുവള്ളങ്ങളുടെ ഫൈനലും ചുണ്ടന്‍വള്ളങ്ങളുടെ ഫൈനലും വൈകിട്ടോടെയായിരിക്കും നടക്കുക.

നെഹ്‌റു ട്രോഫിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്നത് ഇത്തവണയാണ്. ചുണ്ടനില്‍ മാത്രം പ്രദര്‍ശനമല്‍സരത്തിലേതുള്‍പ്പടെ 24 വള്ളങ്ങളാണുള്ളത്. അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളവും 25 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളവും ഒമ്പത് വെപ്പ് എ ഗ്രേഡ് വള്ളവും ആറ് വെപ്പ് ബി ഗ്രേഡ് വള്ളവും മൂന്ന് ചുരുളന്‍ വള്ളവും തെക്കനോടിയില്‍ മൂന്നുവീതം തറ, കെട്ടു വള്ളവും മത്സരത്തില്‍ മാറ്റുരയ്ക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ