ആലപ്പുഴ: അറുപത്തിയാറാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലില്‍ നടക്കും. ഗവര്‍ണര്‍ പി സദാശിവം ജലമേള ഉദ്ഘാടനം ചെയ്യും. തെന്നിന്ത്യന്‍ സിനിമാ താരം അല്ലു അര്ജ്ജുന് ആണ് മുഖ്യാതിഥി. കേരളാ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളും മുഖ്യാതിഥികളായെത്തും. 400 മീറ്റർ ദൈർഘ്യമുള്ള ട്രാക്കിലാണ് മത്സരങ്ങൾ നടത്തുന്നത്.
മഹാപ്രളയത്തിൽ മുങ്ങിപ്പോയ കേരള ടൂറിസത്തിന്റെ പുനരുദ്ധാരണത്തിന്റെ തുടക്കം കുട്ടനാടൻ കരുത്തിൽ സാധിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് ഇതാദ്യമായി നവംമ്പറിൽ നെഹ്രു ട്രോഫി നടത്തുകയാണ്. അഞ്ച് ഹീറ്റ്സുകളിലായി 20 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ അങ്കത്തട്ടിലിറങ്ങുന്നത്.
രാവിലെ പതിനൊന്നുമണിയ്ക്കാണ് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മല്‍സരങ്ങള്‍ തുടങ്ങുക. ഉച്ചകഴിഞ്ഞ് മൂന്നിനാണ് ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍. ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് മല്‍സരങ്ങള്‍ക്ക് ശേഷം വനിതകളുടെ മല്‍സരങ്ങള്‍ നടക്കും. പിന്നീട് ചെറുവള്ളങ്ങളുടെ ഫൈനല്‍ മല്‍സരം നടക്കും. വൈകിട്ട് അഞ്ചരയോടെയാണ് ചുണ്ടന് വള്ളങ്ങളുടെ ഫൈനല്‍ മല്‍സരങ്ങള്‍.