തൃശൂർ: നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്‌ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ലക്കിടി ലോ കോളജിലെ വിദ്യാർഥിയെ മർദ്ദിച്ച കേസിലാണ് തൃശൂർ റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുളള സംഘം കൃഷ്‌ണദാസിനെ കസ്റ്റഡിയിലെടുത്തത്. കൃഷ്‌ണദാസിന്റെ നിയമോപദേശക സുചിത്ര, പിആർഒ വൽസല കുമാർ, അധ്യാപകൻ സുകുമാരൻ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജനുവരി മൂന്നിന് ലക്കിടിയിലുളള നെഹ്‌റു ലോ കോളജിലെ വിദ്യാർഥി സഹീറിനെ മർദ്ദിച്ചെന്ന പരാതിയിലാണ് പൊലീസ് നടപടി. വിദ്യാർഥിയെ പാമ്പാടി എൻജിനിയറിങ് കോളജിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

കോളജിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നു എന്ന് വിദ്യാർഥി നേരത്തെ പരാതിപ്പെട്ടിരുന്നു. ഇതിനുളള പ്രതികാര നടപടി എന്ന നിലയ്‌ക്കാണ് വിദ്യാർഥിയെ നെഹ്‌റു ഗ്രൂപ്പിന്റെ തന്നെ കീഴിലുളള പാമ്പാടി കോളജിൽ കൊണ്ടുപോയി മർദ്ദിച്ചതെന്നാണ് പരാതിയിലുളളത്. എട്ടു മണിക്കൂറോളം സഹീറിനെ കൃഷ്‌ണദാസിന്റെ നേതൃത്വത്തിൽ മർദ്ദിച്ചു.

ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തതും കൃഷ്‌ണദാസിനെ അറസ്റ്റ് ചെയ്‌തിരിക്കുന്നതും. ഈ സംഭവം ജിഷ്‌ണു മരിക്കുന്നതിന് മുന്ന് ദിവസം മുൻപാണ് നടന്നത്. പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാർഥി ജിഷ്‌ണു പ്രണോയി മരിച്ച കേസിലും കൃഷ്‌ണദാസ് പ്രതിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ