കൊച്ചി: ലക്കിടി ലോ കോളജ് വിദ്യാർഥിയെ മർദ്ദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനു ജാമ്യം. വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തു. കേസ് ഡയറിയിൽ മതിയായ തെളിവില്ല. തിടുക്കത്തിൽ അറസ്റ്റ് നടത്തിയത് കേസ് ഡയറിയിലില്ല. പ്രതിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. കൃഷ്ണദാസിനെ ഉടൻ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം, സംഭവത്തിൽ വടക്കാഞ്ചേരി കോടതി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ഇന്നലെ തള്ളിയിരുന്നു. കൃഷ്ണദാസ് പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തളളുകയായിരുന്നു. പാമ്പാടി നെഹ്റു കോളജ് പിആർഒ വൽസലകുമാരൻ, കായിക അധ്യാപകൻ ഗോവിന്ദൻകുട്ടി എന്നിവർക്കും ജാമ്യം നൽകിയില്ല. ആറാം പ്രതി അഡ്മിനിസ്ട്രേറ്റിവ് മാനേജർ സുകുമാരനു മാത്രം ജാമ്യം അനുവദിച്ചു.

റിമാൻഡിൽ കഴിയുന്ന പ്രതികളിൽ ഒരാൾക്ക് വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ മൂന്നാം പ്രതിയും നെഹ്റു ഗ്രൂപ്പിന്റെ നിയമോപദേശകയുമായ സുചിത്രയ്ക്കാണു ജാമ്യം അനുവദിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ