കൊച്ചി: തൃശൂർ പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിന് മുൻകൂർ ജാമ്യം. മുൻകൂർ ജാമ്യം നൽകരുതെന്ന സർക്കാരിന്റെ ആവശ്യം കോടതി തളളി. അതേസമയം, അന്വഷണകാലത്ത് കൃഷ്ണദാസ് നെഹ്‌റു കോളജിൽ പ്രവേശിക്കരുതെതെന്നും അന്വഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി അറിയിച്ചു.

കൃഷ്ണദാസിനെതിരെ പ്രധാന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. കൃഷ്ണദാസിനെതിര പ്രേരണാകുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവുകളൊന്നും കേസ് ഡയറിയിൽനിന്നും കിട്ടിയില്ല. ജിഷ്ണുവിന്റെ കയ്യിൽനിന്ന് കോളജ് അധികൃതർ വെളളക്കടലാസിൽ ഒപ്പിട്ടു വാങ്ങിയെന്നത് കൃഷ്ണദാസിനെതിരായ തെളിവല്ലെന്നും കോടതി വ്യക്തമാക്കി.

ജിഷ്ണുവിന്റെ മരണത്തിൽ കൃഷ്ണദാസിനും മാനേജ്മെന്റിനും നേരിട്ടു പങ്കുണ്ടെന്നു സ്പെഷൽ പ്രോസിക്യൂട്ടർ സി.പി. ഉദയഭാനു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. മാത്രമല്ല, കേസ് ഡയറിയും സാങ്കേതിക സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ടും ഉൾപ്പെടെയുള്ള രേഖകളും അദ്ദേഹം പരിശോധനയ്ക്കായി കോടതിക്കു കൈമാറിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ