തൃശ്ശൂർ: ജിഷ്ണു പ്രണോയി മരിച്ച ഒരു വർഷം പൂർത്തിയാകവേ, പാമ്പാടി നെഹ്റു കോളേജിൽ അനുസ്മരണം നടത്താനുളള ശ്രമം തടയാൻ നെഹ്റു ഗ്രൂപ്പിന്റെ നീക്കം. കോളേജിന് ഈ ദിവസങ്ങളിൽ അവധി നൽകിയാണ് നെഹ്റു ഗ്രൂപ്പ് മാനേജ്മെന്റ് തീരുമാനം എടുത്തത്.

ജനുവരി ആറിന് ജിഷ്ണു മരിച്ചിട്ട് ഒരു വർഷം തികയും. ഈ ദിവസമാണ് അനുസ്മരണം നടത്താൻ എസ്എഫ്ഐ തീരുമാനിച്ചത്. എന്നാൽ ജനുവരി അഞ്ച് മുതൽ എട്ട് വരെ പാമ്പാടി നെഹ്റു കോളേജിന് അവധി പ്രഖ്യാപിച്ചു. മൂല്യനിർണ്ണയം നടത്താൻ വേണ്ടിയാണ് അവധി പ്രഖ്യാപിച്ചതെന്നാണ് നെഹ്റു കോളേജ് മാനേജ്മെന്റ് പറഞ്ഞത്. അദ്ധ്യാപകർ കുറവാണെന്നാണ് ഇതിന് കാരണമായി പറയുന്നത്.

എന്നാൽ തങ്ങൾ അനുസ്മരണ പരിപാടിയുടെ തീയ്യതി പ്രഖ്യാപിക്കാതിരുന്നതിനാലാണ് ഇത്രയും ദിവസം അവധി നൽകിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. ജനുവരി ആറ് ശനിയാഴ്ചയാണ്. ക്ലാസ് പ്രവർത്തിക്കുന്ന ജനുവരി അഞ്ചിനാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കാൻ എസ്എഫ്ഐ ആലോചിച്ചിരുന്നത്. ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി മൂന്നിന് തുറക്കേണ്ട ക്ലാസ് ഇതോടെ ജനുവരി ഒൻപതിന് തുറക്കാനാണ് അധികൃതരുടെ തീരുമാനം.

സിബിഐയാണ് ഈ കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. കോപ്പിയടിച്ചെന്ന ആരോപണത്തിൽ മനം നൊന്ത് ജിഷ്ണു ആത്മഹത്യ ചെയ്തെന്നാണ് ആദ്യം പുറത്തുവന്നതെങ്കിലും ഇത് തെറ്റാണെന്ന് പിന്നീട് ആരോപണം ഉയർന്നു. കോളേജ് അദ്ധ്യാപകരും പ്രിൻസിപ്പളും ജിഷ്ണുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു ആരോപണം.

കേസന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് ജിഷ്ണുവിന്റെ അമ്മയും അച്ഛനും ബന്ധുക്കളും തിരുവനന്തപുരത്ത് ഡിജിപി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം, സർക്കാരിനെ പിടിച്ചുലച്ചിരുന്നു. പൊലീസ് അന്വേഷണം പിന്നീട് സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചു. ആദ്യം കേസ് ഏറ്റെടുക്കാനാവില്ലെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചത്. എന്നാൽ പിന്നീട് കേസ് ഏറ്റെടുക്കാമെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ