തൃശൂര്‍: പാമ്പാടി നെഹ്റു കോളേജില്‍ വിദ്യാർഥികളെ മനഃപൂര്‍വം തോല്‍പ്പിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മരണപ്പെട്ട ജിഷ്ണു പ്രണോയിക്ക് നീതി ലഭിക്കുന്നത്തിനു വേണ്ടി സമരം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്ത വിദ്യാർഥികൾക്കെതിരെ കോളേജ് അധികൃതർ പ്രതികാര നടപടിയായി മാര്‍ക്ക് തിരുത്തിയതായാണ് കണ്ടെത്തല്‍. പ്രാക്ടിക്കൽ പരീക്ഷയിൽ വിദ്യാർഥികളുടെ മാർക്കുകൾ വെട്ടിച്ചുരുക്കിയാണ് കോളേജ് അധികൃതർ പ്രതികാരം ചെയ്തത്.

ആര്‍.രാജേഷ് എംഎല്‍എ അധ്യക്ഷനായ അഞ്ചംഗ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യ സര്‍വകലാശാലാ വിസിക്ക് കൈമാറി. മാര്‍ക്ക് തിരുത്തിയാണ് വിദ്യാർഥികളെ തോൽപ്പിച്ചത്. പ്രായോഗിക പരീക്ഷയിലാണ് മാര്‍ക്ക് തിരുത്തിയത്.

നേരത്തെ വിദ്യാർഥികളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് ആരോഗ്യസര്‍വകലാശാല അഞ്ചംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചത്. ഫാം ഡി കോഴ്സിനു പഠിക്കുന്ന അതുൽ ജോസ്, വസീം ഷാ, മുഹമ്മദ് ആഷിഖ് എന്നിവരാണ് അന്ന് പരാതിപ്പെട്ടത്.

2013ലാണ് ഇവർ പഠനം ആരംഭിക്കുന്നത്. 31 പേർ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പങ്കെടുത്തിരുന്നുവെങ്കിലും ഇവർ മൂന്ന് പേരും മാത്രമാണ് പരീക്ഷയിൽ തോറ്റതായി കാണുന്നത്. ആദ്യത്തെ തവണ ഇവർ പരീക്ഷയെഴുതി തോറ്റു. രണ്ടാമത്തെ തവണയും ഇത് ആവർത്തിച്ചപ്പോഴാണ് തങ്ങൾക്ക് നേരെ മനഃപൂർവം മാനേജ്‌മെന്റ് നടത്തുന്ന നീക്കമാണോ ഇതെന്ന് ഇവർക്ക് സംശയം തോന്നിയത്. തുടർന്ന് അതുൽ ജോസ് വിവരാവകാശനിയമം ഉപയോഗപ്പെടുത്തി പരിശോധിച്ചപ്പോൾ മാർക്ക് നിർണയത്തിൽ ക്രമക്കേട് കണ്ടെത്തി.

ഇവരുടെ മാർക്ക് ലിസ്റ്റിൽ വിഷയത്തെ കുറിച്ചുള്ള അറിവ് രേഖപ്പെടുത്തുന്ന കോളത്തിൽ “വെരി പുവർ” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫാർമസ്യൂട്ടിക്കൽ അനാലിസിസിൽ 15ഉം 9തും ആയിരുന്ന അതുലിന്റെ മാർക്ക് 13ഉം 6ഉം ആയി വെട്ടിതിരുത്തിയതിന്റെ വ്യക്തമായ തെളിവ് ഇവർക്ക് ലഭിച്ചു. തുടര്‍ന്ന് സർവകലാശാല രജിസ്ട്രാർക്കും സെനറ്റിനും വിദ്യാർഥികൾ പരാതി നൽകുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.