/indian-express-malayalam/media/media_files/uploads/2017/01/vs.jpg)
കോഴിക്കോട്: ജിഷ്‌ണു പ്രണോയിയുടെ മരണത്തിന് പിന്നിൽ നെഹ്‌റു കോളജ് മാനേജ്മെന്റാണെന്നതിന് തെളിവുണ്ടെന്ന് ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്ചുതാനന്ദൻ. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വിഎസ് ആവശ്യപ്പെട്ടു. നെഹ്‌റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്‌ണു പ്രണോയിയുടെ വീട് സന്ദർശിക്കുകയായിരുന്നു വിഎസ്. ജിഷ്‌ണുവിന്റെ മാതാപിതാക്കളെ സന്ദർശിച്ച വിഎസ് അവരുടെ പരാതികളും കേട്ടു. ഒരു അച്‌ഛനോട് പറയുന്ന പോലെ എല്ലാ കാര്യങ്ങളും വിഎസിനോട് പറഞ്ഞെന്ന് ജിഷ്‌ണുവിന്റെ അമ്മ മഹിജ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ജിഷ്‌ണുവിന്റെ വീട് സന്ദർശിക്കാൻ മടിച്ചപ്പോഴാണ് വിഎസ് എത്തിയത് എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയിൽ നിന്ന് തങ്ങൾക്ക് നീതി കിട്ടിയില്ലെന്നും തങ്ങളെ കാണാൻ പോലും അദ്ദേഹം മനസ്സുകാണിച്ചില്ലെന്നും ആരോപിച്ച് ജിഷ്‌ണുവിന്റെ അമ്മ എഴുതിയ കത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. പാർട്ടി അനുഭാവ കുടുംബമായിരുന്നിട്ടും ജിഷ്‌ണുവിന്റെ മരണ ശേഷം തങ്ങളെ മുഖ്യമന്ത്രി സന്ദർശിച്ചില്ലയെന്ന വിഷമം മഹിജ പരസ്യമായി പറഞ്ഞിരുന്നു.
ജിഷ്‌ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നെഹ്‌റു കോളജ് ജീവനക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം. നെഹ്‌റു കോളജ് ചെയർമാൻ ഉൾപ്പെടെ കോളജ് ജീവനക്കാരായ അഞ്ചു പേരെ കേസിൽ പ്രതികളാക്കി കഴിഞ്ഞ ദിവസം പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.