കോഴിക്കോട്: നെഹ്‌റു കോളജ് വിദ്യാർഥി ജിഷ്‌ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം. നെഹ്‌റു കോളജിലെ മുറികളിൽ രക്തക്കറ കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്. ജിഷ്‌ണുവിനെ മർദ്ദിച്ച് കൊന്നതാകാം എന്ന സംശയത്തെ തുടർന്നാണ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നത്. ഇവ വീണ്ടെടുക്കാനായി പൊലീസ് ഫൊറൻസിക് ലാബിനെ സമീപിച്ചിട്ടുണ്ട്.

ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിലാണ് കോളജ് പിആർഒയുടെ മുറിയിലും ശുചിമുറിയിലും രക്തക്കറ കണ്ടെത്തിയത്. പണ്ട് മുതൽ കോളജിലെ ഇടിമുറിയെന്നാണ് പിആർഒയുടെ മുറി അറിയപ്പെടുന്നത് തന്നെ. ജിഷ്‌ണുവിനെ പിആർഒയുടെ മുറിയിൽ നിന്ന് പ്രിൻസിപ്പലിന്റെയും വൈസ് പ്രിൻസിപ്പലിന്രെയും മുറികളിൽ കൊണ്ടുപോയിട്ടുണ്ട്. വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ വച്ച് അധ്യാപകരും വൈസ് പ്രിൻസിപ്പലും ചേർന്ന് ജിഷ്‌ണുവിനെ മർദ്ദിച്ചിട്ടുണ്ടാകാം എന്നാണ് പൊലീസ് കരുതുന്നത്.

എന്നാൽ ജിഷ്‌ണുവിന്റെ മരണശേഷം ഈ മുറികളിലെയെല്ലാം സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു. മുറികളിൽ നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തിയത് ജിഷ്‌ണുവിനെ മർദ്ദിച്ചതിന്റെ ഭാഗമാകാം എന്നാണ് പൊലീസ് വിലയിരുത്തൽ. ദൃശ്യങ്ങൾ വീണ്ടെടുത്താൽ ഇതിൽ മർദ്ദന ദൃശ്യങ്ങളുണ്ടെങ്കിൽ ഇത് കേസിൽ വലിയ വഴിത്തിരിവായിരിക്കും. അങ്ങനെയെങ്കിൽ നെഹ്‌റു കോളജ് ചെയർമാൻ ഉൾപ്പെടെയുളളവർ പ്രതികളായ കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പകരം വളരെ ഗുരുതര കുറ്റങ്ങൾ ചുമത്താനുളള സാധ്യതകളുണ്ട്.

ജിഷ്‌ണുവിനെ മർദ്ദിച്ചു കൊന്നതാണെന്നാണ് കുടുംബം വിശ്വസിക്കുന്നത്. രക്തക്കറ കൂടി കോളജ് മുറികളിൽ കണ്ടെത്തിയതിനെത്തുടർന്ന് ജിഷ്‌ണുവിന്റേത് കൊലപാതകമാണെന്ന് ആവർത്തിച്ചു പറയുന്നു. ഇത് ചൂണ്ടിക്കാട്ട് ജിഷ്‌ണുവിന്റെ അമ്മ മഹിജ പൊലീസിൽ പരാതി നൽകി.

അതേസമയം, നെഹ്‌റു കോളജിൽ ഇന്ന് ക്ലാസുകൾ തുടങ്ങും. വിദ്യാർഥികളുടെ ആവശ്യങ്ങൾ കോളജ് മാനേജ്മെന്റ് അംഗീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം സമരം അവസാനിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ