കൊച്ചി: നീറ്റ് പരീക്ഷയെഴുതാൻ മകന് ഒപ്പം വന്ന അച്ഛൻ ഹൃദായാഘാതം മൂലം മരിച്ചു. തമിഴ്നാട് തിരുവാരൂർ നിന്നും പരീക്ഷയെഴുതാനെത്തിയ കസ്തൂരി മഹാലിംഗത്തിന്റെ അച്ഛൻ എസ്.കൃഷ്ണ സ്വാമി (46) ആണ് മരണമടഞ്ഞത്.
തമ്മനം നളന്ദ പബ്ലിക് സ്കൂളിലായിരുന്നു കസ്തൂരിയുടെ പരീക്ഷാ സെന്റർ. രാവിലെ എട്ടര മണിയോടെയായിരുന്നു കൃഷ്ണസ്വാമിയുടെ മരണം സംഭവിച്ചത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് മകനെ തേടി ദുഃഖവാർത്ത എത്തിയത്. തമ്മനം നളന്ദ പബ്ലിക് സ്കൂളിൽ നിന്നു പരീക്ഷ കഴിഞ്ഞ് ഒന്നരയോടെ പുറത്തിറങ്ങിയപ്പോഴാണു കസ്തൂരി പിതാവിന്റെ വിയോഗവാർത്ത അറിഞ്ഞത്. ജനറൽ ആശുപത്രിയിലെത്തിയാണു മകൻ പിതാവിന്റെ മൃതദേഹം കണ്ടത്.
പരീക്ഷയ്ക്കായി ശനിയാഴ്ച തന്നെ മകനൊപ്പം കൊച്ചിയിലെത്തിയ കൃഷ്ണസ്വാമി ബന്ധു ജോലി ചെയ്യുന്ന ലോഡ്ജിലായിരുന്നു താമസം. രാവിലെ കൃഷ്ണസ്വാമിക്കു ചെറിയ നെഞ്ചുവേദനയും അസ്വാസ്ഥതയും അനുഭവപ്പെട്ടതിനാൽ ബന്ധുവാണ് കസ്തൂരിയെ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചത്. അദ്ദേഹം തിരികെ മടങ്ങിയെത്തിയപ്പോഴേയ്ക്കും കൃഷ്ണസ്വാമിയുടെ ആരോഗ്യനില മോശമായി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. തുടർന്ന് മൃതദേഹം ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
തമിഴ്നാട്ടിൽനിന്ന് പരീക്ഷക്കെത്തിയ വിദ്യാർത്ഥിയുടെ പിതാവ് മരണപ്പെട്ടത് ദുഃഖകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിർവഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മരണവാർത്തയെ തുടർന്ന് ബന്ധുക്കൾ കൊച്ചിയിലേയ്ക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം വൈകിട്ട് ആംബുലൻസിൽ സ്വദേശത്തേക്കു കൊണ്ടുപോകും. സംസ്ഥാന അതിർത്തി വരെ പൊലീസും വീട് വരെ റവന്യൂവകുപ്പ് അധികാരികളും മൃതദേഹത്തെ അനുഗമിക്കുമെന്നു കലക്ടർ മുഹമ്മദ് സഫിറുല്ല അറിയിച്ചു.
കേരളത്തിൽ ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയെഴുതി. ചില സ്ഥലങ്ങളിൽ പരീക്ഷയുടെ ഡ്രസ് കോഡ് വിവാദത്തിന് വഴിയൊരുക്കി. കഴിഞ്ഞ വർഷവും ഡ്രസ് കോഡ് വിവാദങ്ങൾക്ക് സൃഷ്ടിച്ചിരുന്നു.
ഈ വർഷം തമിഴ്നാട്ടിൽ നിന്നുളള നിരവധി വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ കേരളത്തിലാണ്. ഇവരെ സഹായിക്കാൻ എല്ലാ ജില്ലകളിലും റവന്യൂ, പൊലീസ് അധികാരികളുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കുകൾ സർക്കാർ തുടങ്ങിയിട്ടുണ്ട്. ഇന്ന് വൈകുന്നത് വരെ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും.