കൊല്ലം: ആയൂര്‍ മാര്‍ത്തോമ കോളജില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസില്‍ എല്ലാ പ്രതികൾക്ക് ജാമ്യം. പരീക്ഷ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന പ്രൊ. പ്രിജി കുര്യന് ഐസക്, എടിഎ നിരീക്ഷകന് കൂടിയായ ഡോ. ഷംനാദ് എന്നിവർക്കും മൂന്ന് കരാർ ജീവനക്കാർക്കും കോളേജിലെ രണ്ട് ശുചീകരണ തൊഴിലാളികൾക്കുമാണ് കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
ഇന്ന് രാവിലെയാണ് പ്രൊ. പ്രിജി കുര്യന് ഐസക്, ഡോ. ഷംനാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അടിവസത്രം അഴിപ്പിച്ച് പരിശോധിക്കാന്‍ താത്കാലിക ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത് ഇവരാണെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലില്‍ ആദ്യം ഇരുവരും ഇത് നീഷേധിക്കുകയായിരുന്നു. എന്നാല്‍ മറ്റുള്ളവരുടെ ഒപ്പമിരിത്തുയുള്ള ചോദ്യം ചെയ്യലില്‍ നിര്‍ദേശം നല്കിയ കാര്യം സമ്മതിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
ദിവസ വേതനത്തിനെടുത്ത ജീവനക്കാരെ ഉള്‍പ്പടെ മൂന്ന് പേരെയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തിരുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശമില്ലാതെ ദിവസ വേതനക്കാര്‍ക്ക് ഇത് ചെയ്യാന്‍ കഴിയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി ഇന്നലെയും പ്രതിഷേധം നടന്നിരുന്നു.
നേരത്തെ അന്വേഷണ സംഘം പ്രതിഷേധത്തിനിടയിലും മാര്‍ത്തോമ കോളജിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പരീക്ഷ ദിവസത്തിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയും കുട്ടികളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി ആര് നിശാന്തിനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.