തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ചതിനെതിരെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അതൃപ്തി കേന്ദ്ര മന്ത്രാലയത്തെ അറിയിക്കും. ഭാവിയില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതയുണ്ടാവണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജന്‍സിയുടെ ഭാഗത്തുനിന്നു വന്‍ പിഴവാണ് ഉണ്ടായിരിക്കുന്നത്. വസ്ത്രമഴിപ്പിച്ച നടപടി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കു മാനസിക സംഘര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. മാനസികമായുണ്ടായ പരുക്ക് പരീക്ഷയെ ബാധിക്കുമെന്ന് ഉറപ്പാണ്. അടിസ്ഥാന മനുഷ്യാവകാശം പോലും പരിഗണിക്കാതെയുള്ള ഇത്തെരമൊരു പ്രവൃത്തി തീര്‍ത്തും നിരുത്തരവാദപരമാണെന്നും മന്ത്രി പറഞ്ഞു.
ദേശീയ മെഡിക്കല്‍ യു ജി പ്രവേശന പരീക്ഷയായ നീറ്റ് എഴുതാന്‍ കൊല്ലം ആയൂരിലെ കേന്ദ്രത്തിലെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചെന്നാണു പരാതി. വസ്ത്രത്തില്‍ ലോഹവസ്തു ഉണ്ടെന്ന കാരണം പറഞ്ഞായിരുന്നു പരിശോധന.
സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ രക്ഷിതാവ് കൊല്ലം റൂറല്‍ എസ് പിക്കു പരാതി നല്‍കി. നടപടി വിദ്യാര്‍ഥിനികളെ മാനസികമായി തളര്‍ത്തിയെന്നും വിദ്യാര്‍ഥിനികളുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ രണ്ടു മുറി ഒരുക്കിയിരുന്നതായും റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന യുവജന കമ്മിഷനും സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലം റൂറല്‍ എസ്പിക്കു മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. സമഗ്രറിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിയോടും കോളജ് അധികൃതരോടും യുവജന കമ്മിഷന്‍ നിര്‍ദേശിച്ചു.
അതേസമയം, കൃത്യമായ മാനദണ്ഡപ്രകാരമാണു പ്രവര്‍ത്തിച്ചതെന്നാണു പരീക്ഷാ ചുമതലയുള്ളവരുടെ വിശദീകരണം. ലോഹവസ്തുക്കള്‍ അടങ്ങിയതൊന്നും ശരീരത്തില്‍ പാടില്ലെന്നാണ് ചട്ടമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നും നീറ്റ് അധികൃതര്‍ നിയോഗിച്ച ഏജന്‍സിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും കോളജ് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരീക്ഷാ കേന്ദ്രത്തിലേക്കു മാര്‍ച്ച് നടത്തി.